മ്യ കൃഷ്ണന്റെ കരിയറിലെ ഏറ്റവും മികവുറ്റ വേഷം ഏതാണെന്ന് ചോദിച്ചാല്‍ ബാഹുബലിയിലെ ശിവകാമി എന്നു പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. രണ്ട് ഭാഗങ്ങളിലുമായി മഹിഷ്മതിയിലെ കരുത്തുറ്റ രാജ്ഞിയായി അസൂയാവഹമായ പ്രകടനമാണ് രമ്യ കാഴ്ചവച്ചത്.

ശിവകാമിയെ അവതരിപ്പിക്കാന്‍ ആദ്യം പരിഗണിച്ചത് ശ്രീദേവിയെയായിരുന്നെന്ന് സംവിധായകന്‍ എസ്.എസ് രാജമൗലി വെളിപ്പെടുത്തിയിരുന്നു. കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജമൗലി ശ്രീദേവിയെ സമീപിച്ച കാര്യം തുറന്നു പറഞ്ഞത്. പ്രതിഫലത്തിന്റെ കാര്യത്തില്‍ ശ്രീദേവി കടുംപിടുത്തം പിടിച്ചെന്നും ഭര്‍ത്താവ് ബോണി കപൂര്‍ ചിത്രത്തിന്റെ ഷെയര്‍ ചോദിച്ചുവെന്നുമായിരുന്നു രൗജമാലി പറഞ്ഞത്. 

ഇതെക്കുറിച്ച് ശ്രീദേവി പരസ്യ പ്രതികരണങ്ങളുമായി ഇതുവരെ രംഗത്ത് വന്നിരുന്നില്ല. എന്നാല്‍ ഒരു പുതിയ അഭിമുഖത്തില്‍ രാജമൗലി പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ശ്രീദേവി. ബാഹുബലി കണ്ടോ എന്ന ചോദ്യത്തിന് സത്യസന്ധമായി പറഞ്ഞാല്‍ ഇല്ല എന്നായിരുന്നു ശ്രീദേവി പറഞ്ഞത്. പിന്നീടായിരുന്നു ശിവകാമിയെ നിരസിച്ചത് സംബന്ധിച്ച ചോദ്യം ഉയര്‍ന്നത്. ഇതേക്കുറിച്ച് ശ്രീദേവി പ്രതികരിച്ചതിങ്ങനെ..

ഇതെക്കുറിച്ച് മറുപടി പറയാന്‍ ഞാന്‍ കുറച്ചു കാലമായി ആഗ്രഹിച്ചിരിക്കുകയായിരുന്നു. ഞാന്‍ ശിവകാമിയെ നിരസിച്ചത് ചിലര്‍ക്ക് വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. അത് വേണ്ടെന്ന് വയ്ക്കാന്‍ എനിക്ക് എന്റേതായ കാരണങ്ങളുണ്ട്. ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും പുറത്ത് വന്നതിന് ശേഷമാണ് ഇതേക്കുറിച്ച് പലരും പറയുന്നതും എന്നോട് ചോദിക്കുന്നതും. ഞാന്‍ നിരസിച്ച നിരവധി ചിത്രങ്ങളുണ്ട്. പക്ഷെ അവരൊന്നും അത് പ്രശ്‌നമായി പറഞ്ഞ് നടക്കാറില്ല- ശ്രീദേവി പറഞ്ഞു.

ശ്രീദേവിയെ ഉപേക്ഷിച്ചതോടെയാണ് അണിയറ പ്രവര്‍ത്തകര്‍ രമ്യകൃഷ്ണനെ സമീപിക്കുന്നത്. രമ്യയ്ക്ക് ഈ വേഷം സ്വീകരിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. രണ്ടര കോടി രൂപയാണ് ഈ വേഷത്തിന് രമ്യ പ്രതിഫലം വാങ്ങിയത്. ഇന്ത്യൻ സിനിമയിൽ തന്നെ നാഴികക്കല്ലായ കഥാപാത്രമായി അത് മാറിയത് ചരിത്രം.