സിംഗപ്പൂരിലെ മാഡം ട്യൂസോ വാക്‌സ് മ്യൂസിയത്തില്‍, അന്തരിച്ച നടി ശ്രീദേവിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. ശ്രീദേവിയുടെ ഭര്‍ത്താവും ചലച്ചിത്ര നിര്‍മാതാവുമായ ബോണി കപൂര്‍ മക്കളായ ജാന്‍വി കപൂര്‍, ഖുശി കപൂര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ശ്രീദേവിയുടെ അടുത്ത സുഹൃത്തുക്കളും ആരാധകരും ചടങ്ങിന് സാക്ഷിയാകാന്‍ എത്തിയിരുന്നു.

'മിസ്റ്റര്‍ ഇന്ത്യ' എന്ന ചിത്രത്തിലെ ശ്രീദേവിയുടെ സീമാ സോണി എന്ന കഥാപാത്രത്തിന്റെ മാതൃകയിലാണ് പ്രതിമ ഒരുക്കിയിരിക്കുന്നത്. ശേഖര്‍ കപൂര്‍ സംവിധാനം ചെയ്ത ഈ ചിത്രം 1987 ലാണ് പുറത്തിറങ്ങിയത്. ബോണി കപൂറായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്.

പ്രതിമ സമര്‍പ്പിക്കുന്നതിനിടെ ബോണി കപൂർ വികാരാധീനനായി പൊട്ടിക്കരഞ്ഞു. ഇത് കാണികളെയും ദുഃഖത്തിലാഴ്തത്തി. ശ്രീദേവി എന്റെ മനസ്സില്‍ മാത്രമല്ല. നിങ്ങള്‍ ഓരോരുത്തര്‍ക്കുള്ളിലും ഇന്നും ജീവിക്കുന്നു. അവള്‍ക്ക് മരണമില്ല. ഈ പ്രതിമ ശ്രീദേവിയെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് ആരാധകര്‍ക്കായി ഞാന്‍ സമര്‍പ്പിക്കുന്നു- ബോണി കപൂര്‍ പറഞ്ഞു. 

ഓഗസ്റ്റ് 23ന് ശ്രീദേവിയുടെ പിറന്നാള്‍ ദിനത്തിലാണ് പ്രതിമ അണിയറയില്‍ ഒരുങ്ങുന്ന വിവരം മാഡം ട്യൂസോ വാക്‌സ് മ്യൂസിയം അധികൃതര്‍ പ്രഖ്യാപിച്ചത്. ശ്രീദേവിക്ക് പുറമെ ഒട്ടനവധി സിനിമാതാരങ്ങളുടെ പ്രതിമ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുണ്ട്. 

Content Highlights: Sridevi’s wax statue unveiled at Madame Tussauds Boney Kapoor breaks down Janhvi Kushi