തെന്നിന്ത്യന്‍ സിനിമ സമീപകാലത്ത് കണ്ട ഏറ്റവും വലിയ വിഴുപ്പലക്കലായിരുന്നു സംവിധായകന്‍ രാജമൗലിയും നടി ശ്രീദേവിയും തമ്മില്‍ നടന്നത്. ബാഹുബലിയിലെ മഹാറാണി ശിവകാമിയുടെ വേഷത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് തെന്നിന്ത്യന്‍ സിനിമാലോകം ഇതുവരെ കാണാത്ത തരത്തിലുള്ള വാദകോലാഹലമായി മാറിയത്.

ശിവകാമിയുടെ വേഷത്തിന് രാജമൗലി ആദ്യം ശ്രീദേവിയെയാണ് സമീപിച്ചതെന്നും ശ്രീദേവി വന്‍ പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അവരെ ഒഴിവാക്കി രമ്യാ കൃഷ്ണനെ ശിവകാമിയാക്കിയതെന്നും വാര്‍ത്ത വന്നിരുന്നു.

ഈ വാര്‍ത്തയ്‌ക്കെതിരെ ശ്രീദേവി പരസ്യമായി തന്നെ പ്രതികരിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്. ശ്രീദേവി ശിവകാമിയാകാതിരുന്നത് നന്നായി എന്ന് രാജമൗലി പറയുക കൂടി ചെയ്തതോടെ പ്രശ്‌നം ശരിക്കുമൊരു പരസ്യമായ വിഴുപ്പലക്കലായി.

ഒടുവില്‍ ഈ തര്‍ക്കവും പിണക്കവുമെല്ലാം അവസാനിപ്പിച്ച് ഇരുവരും കൈ കോര്‍ക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ശിവകാമിയാവാന്‍ വന്‍ ഡിമാന്‍ഡ് മുന്നോട്ട് വച്ചത് ശ്രീദേവിയല്ല, ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂറാണെന്നും വാര്‍ത്ത  വന്നിരുന്നു. ഇതിന് തൊട്ടുപിറകെ തനിക്ക് രാജമൗലിയുമായി യാതൊരു വ്യക്തിവിരോധവുമില്ലെന്ന് ശ്രീദേവി വിശദീകരിക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ പ്രശ്‌നത്തിന്റെ മഞ്ഞുരുകി.

ബാഹുബലിക്കുശേഷം രാജമൗലി ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ശ്രീദേവിക്ക് സുപ്രധാനമായൊരു റോളുണ്ടെന്നാണ് സൂചന. ബാഹുബലിയെപ്പോലെ ഒരു കാലഘട്ടത്തെ പകര്‍ത്തുന്നതല്ല, വർത്തമാനകാല വിഷയങ്ങൾ അടിസഥാനമാക്കി ഒരുക്കുന്ന ചിത്രമായിരിക്കും ഇത്. കരിയറില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു വേഷമാണ് ശ്രീദേവിക്ക് ഇതിലുള്ളതെന്നും അറിയുന്നുണ്ട്. തെലുങ്ക് ഭാഷയിലെടുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദിലായിരിക്കും.

ചിത്രത്തില്‍ മലയാളത്തിന്റെ മോഹന്‍ലാലിനും ശ്രദ്ധേയമായൊരു വേഷമുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പ് രാജമൗലി ആലോചിച്ച ആയിരം കോടി രൂപ മുതല്‍മുടക്കുള്ള ഗരുഡ എന്ന ചിത്രത്തിനുവേണ്ടി മോഹന്‍ലാലിനെ പരിഗണിച്ചിരുന്നുവെന്ന് ഒരു വാര്‍ത്ത ഉണ്ടായിരുന്നു. എന്നാല്‍, ഇതില്‍ കാര്യമായ പുരോഗതിയൊന്നും പിന്നീട് ഉണ്ടായില്ല. മോഹന്‍ലാല്‍ ശ്രീകുമാര്‍ മേനോനോടൊപ്പം മഹാഭാരതത്തിന് വേണ്ടി കരാറിലെത്തുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം മോഹന്‍ലാല്‍ ചെയ്ത രണ്ട് തെലുങ്ക് ചിത്രങ്ങളായ ജനത ഗ്യാരേജും മനമാന്തയും (മലയാളത്തിൽ വിസ്മയം) വമ്പന്‍ ഹിറ്റുകളായതോടയാണ് പുതിയ ചിത്രത്തിലേയ്ക്കും ലാലിനെ കാസ്റ്റ് ചെയ്യാന്‍ രാജമൗലിക്ക് പ്രചോദനമായതെന്നാണ് അറിയുന്നത്.