ന്യൂഡല്‍ഹി: നടി ശ്രീദേവിയുടേത് അപകട മരണമല്ലെന്നും അസൂത്രിതമായ കൊലപാതകമാണെന്നും ആരോപണമുന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡല്‍ഹി പൊലീസിലെ മുന്‍ എ.സി.പി വേദ് ഭൂഷണ്‍. പോലീസില്‍ നിന്നും വിരമിച്ച ശേഷം സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സി നടത്തുകയാണ് വേദ് ഭൂഷണ്‍. ശ്രീദേവിയുടെ മരണത്തില്‍ സൂക്ഷമപരിശോധനയ്ക്കായി ദുബായില്‍ പോയി തിരികെ എത്തിയ ഉടനെയായിരുന്നു അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനം.

'ഒരാളെ ബാത്ത് ടബ്ബില്‍ തള്ളിയിട്ട് ശ്വാസം മുട്ടിച്ച് കൊല്ലാനും കുറ്റകൃത്യം നടത്തിയതിന്റെ തെളിവുകള്‍ അവശേഷിപ്പിക്കാതെ അപകടമരണമാണെന്ന് ചിത്രീകരിക്കാനും എളുപ്പമാണ്. ഇതൊരു ആസൂത്രിത കൊലപാതകം പോലെയാണ് തോന്നുന്നത്' , വേദ് ഭൂഷണ്‍ പറയുന്നു.

ദുബായ് പോലീസിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോട്ടിനെതിരേയും വേദ് ഭൂഷണ്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ശ്രീദേവിയുടേത് അപകടമരണമാണെന്നും ബാത്ത്ടബില്‍ ബോധരഹിതയായി കിടക്കുകയായിരുന്ന ശ്രീദേവിയുടെ ഉള്ളില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നുവെന്നുമാണ് ഫെബ്രുവരി 26ന് ദുബായ് പൊലീസ് പുറത്തുവിട്ട ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത് പൊലീസിന്റെ ഈ വാദഗതിയെയാണ് വേദ് ഭൂഷണ്‍ എതിര്‍ക്കുന്നത്. 

'ദുബായ് നീതിവ്യവസ്ഥയോടുള്ള എല്ലാ ആദരവോടും കൂടിയ തന്നെ പറയുകയാണ് ശ്രീദേവിയുടെ മരണത്തില്‍ അവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഞങ്ങള്‍ തൃപ്തരല്ല. സത്യത്തില്‍ എന്ത് സംഭവിച്ചു എന്ന് ഞങ്ങള്‍ക്കറിയണം. ഒരുപാട് ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ ബാക്കിയാകുന്നുണ്ട്. ഞങ്ങള്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി ദുബായില്‍ പോയിരുന്നു', ഭൂഷണ്‍ പറഞ്ഞു.

ദുബായില്‍ ശ്രീദേവി താമസിച്ചിരുന്ന ജുമെയ്റ എമിറേറ്റ്സ് ടവര്‍ വേദ് ഭൂഷണ്‍ സന്ദര്‍ശിച്ചെങ്കിലും ശ്രീദേവി മരിച്ചു കിടന്ന മുറി സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന് അനുവാദം ലഭിച്ചില്ല. അതുകൊണ്ട് ശ്രീദേവി മരിച്ച മുറിയുടെ അതേ രീതിയിലുള്ള മറ്റൊരു മുറിയില്‍ മരണം സംഭവിച്ച രീതി പുനഃസൃഷ്ടിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.

ഈ കേസ് എന്തുകൊണ്ടാണ് ഇത്രപെട്ടെന്ന് തീര്‍പ്പാക്കിയതെന്ന് അറിയണമെന്നും അന്വേഷണം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് കേസ് റദ്ദാക്കിയതെന്നും വേദ് ഭൂഷണ്‍ പറഞ്ഞു. താനിപ്പോഴും ഈ കേസിന്റെ പിന്നാലെയാണെന്നും ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

നടി ശ്രീദേവിയുടെ അകാല വിയോഗവര്‍ത്ത ഞെട്ടലോടെയാണ് ഇന്ത്യന്‍  സിനിമാലോകവും ആരാധകരും കേട്ടത്. ഫെബ്രുവരി 24നാണ് ദുബായിലെ ആഢംബര ഹോട്ടലിലെ ബാത്ത്ടബ്ബില്‍ ശ്രീദേവി മുങ്ങി മരിക്കുന്നത്. മരണത്തെ ചൊല്ലി നിരവധി ഊഹാപോഹങ്ങള്‍ ഉയര്‍ന്നെങ്കിലും ശ്രീദേവിയുടേത് വെള്ളത്തില്‍ മുങ്ങിയുള്ള അപകടമരണമാണെന്നും യാതൊരു അസ്വാഭാവികതയും മരണത്തില്‍ ഇല്ലെന്നുമുള്ള കണ്ടെത്തലിലാണ് ദുബായ് പോലീസ് കേസ് അവസാനിപ്പിച്ചത്.  

Content Highlights : sridevi death planned murder retired acp delhi police actress sreedevi death