ന്ത്യന്‍ സിനിമയിലെ  എക്കാലത്തെയും മികച്ച പ്രണയ ജോഡികളായിരുന്നു കമല്‍ ഹാസനും ശ്രീദേവിയും. വെള്ളിത്തിരയിലെ ഇരുവരുടെയും അടുപ്പം കണ്ട് തെറ്റിദ്ധരിച്ചവരും ഏറെയാണ്. നിരവധി ചിത്രങ്ങളില്‍ കമിതാക്കളായും ഭാര്യാ ഭര്‍ത്താക്കന്മാരായും അഭിനയിച്ചെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ ശ്രീദേവി തനിക്ക് ആരായിരുന്നുവെന്ന് വെളിപ്പടുത്തിയിരിക്കുകയാണ് കമല്‍ഹാസന്‍. തമിഴ് മാസികയായ ആനന്ദവികടനിലെഴുതിയ ലേഖനത്തിലാണ് കമല്‍ ശ്രീദേവിയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നെഴുതുന്നത്.

"ആ കാലങ്ങളില്‍ കമിതാക്കളെയും ദമ്പതികളെയും ഞങ്ങളുമായാണ് താരതമ്യം ചെയ്യാറുണ്ടായിരുന്നത്. കാണാന്‍ ശ്രീദേവിയേയും കമലിനെയും പോലെയുണ്ടെന്ന് പറയും. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ അവരുടെ സ്വപ്നങ്ങള്‍ നശിപ്പിക്കണ്ടല്ലോ എന്ന് കരുതി ഞങ്ങള്‍ സത്യം മറച്ചുവയ്ക്കുകയായിരുന്നു. സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ക്കും ഞങ്ങളുമായി അടുപ്പമുള്ളവര്‍ക്കും ഞങ്ങള്‍ തമ്മിലുള്ള ബന്ധം എന്താണെന്ന് അറിയാം. എന്നാല്‍ അത് മറ്റാരുമായി പങ്കുവയ്ക്കരുതെന്ന് അവര്‍ പറഞ്ഞിരുന്നു.

ശ്രീദേവി എനിക്ക് എന്റെ അനിയത്തിയെ പോലെയാണ്. നിങ്ങള്‍ ഞങ്ങളുടെ ചിത്രങ്ങള്‍ ശ്രദ്ധയോടെ വീക്ഷിച്ച് കഴിഞ്ഞാല്‍ ഞങ്ങള്‍ കൂടപ്പിറപ്പുകളാണെന്ന് നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കും. ശ്രീദേവിയുടെ അഭിനയത്തില്‍ എന്റെ പ്രതിരൂപം പലപ്പോഴും കാണാന്‍ സാധിക്കും." 

ഒരുമിച്ച് മൂന്നു നാല് പടങ്ങള്‍ ചെയ്തു കഴിഞ്ഞപ്പോള്‍ വേറെ നായികയെ വേണമെന്ന് തനിക്കും വേറെ നായകനെ വേണമെന്ന് ശ്രീദേവിക്കും തോന്നിയിരുന്നെങ്കിലും നിര്‍മാതാക്കളോ സംവിധായകരോ തങ്ങളോട് ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ തങ്ങള്‍ തന്നെ നായികാ-നായകന്മാര്‍ എന്ന് തീരുമാനിക്കുകയാണ് പതിവെന്നും കമല്‍ ഹാസന്‍ പറയുന്നു. ശ്രീദേവിയുടെ മരണവാര്‍ത്തയറിഞ്ഞ് പല മുതിര്‍ന്ന താരങ്ങളും തന്നെ വിളിച്ചു കരഞ്ഞിരുന്നുവെന്നും കമല്‍ എഴുതുന്നു. 

ഫെബ്രുവരി 24നാണ് ആരാധകരെയും സിനിമാപ്രവര്‍ത്തകരെയും ദുഃഖത്തിലാഴ്ത്തി ശ്രീദേവിയുടെ മരണവാര്‍ത്ത പുറത്തു വന്നത്. ദുബായില്‍ അനന്തിരവന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ശ്രീദേവി കുളിമുറിയിലെ ബാത്ടബ്ബില്‍ ബോധരഹിതയായി വീണു മുങ്ങിമരിക്കുകയായിരുന്നു. 

"കൗമാരക്കാരിയായ യുവതിയില്‍ നിന്ന് പ്രൗഢയായ സ്ത്രീയിലേക്കുള്ള ശ്രീദേവിയുടെ ജീവിതയാത്രയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവരുടെ ആ താരപദവി അവര്‍ അര്‍ഹിക്കുന്നതാണ്. അവസാനമായി അവരെ കണ്ട് മുട്ടിയതുള്‍പ്പടെയുള്ള ഒരുപാട് നല്ല നിമിഷങ്ങള്‍ മനസ്സിലൂടെ മിന്നി മറയുന്നു. സദ്മയുടെ താരാട്ട് ഇപ്പോഴും എന്നെ വേട്ടയാടുന്നു. ഞങ്ങള്‍ അവരെ വല്ലാതെ മിസ് ചെയ്യും". ശ്രീദേവിയുടെ മരണവാര്‍ത്തയറിഞ്ഞ് കമല്‍ ഹാസന്‍ ട്വിറ്റില്‍ കുറിച്ചു.

മൂണ്‍ട്രു മുടിച്ചു എന്ന ചിത്രത്തില്‍ തുടങ്ങി ഇരുപത്തിയേഴ് ചിത്രങ്ങളിലാണ് ശ്രീദേവിയും കമല്‍ ഹാസനും ഒന്നിച്ചത്. മൂന്നാം പിറ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേയ്ക്ക് ആയ സദ്മ ഇരുവര്‍ക്കും രാജ്യമൊട്ടാകെ ആരാധകരെ നേടിക്കൊടുത്തു. 

Content Highlights : sridevi death kamal hassan about relationship with sridevi actress sreedevi died