പ്രിയതാരം ശ്രീദേവിയുടെ വിയോഗം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല ആരാധകർക്ക്. ശ്രീദേവി എന്ന വ്യക്തി ഒരു അസാമാന്യ അഭിനയപ്രതിഭ എന്നതിലുപരി നല്ലൊരു കുടുംബിനിയുമായിരുന്നു. വെള്ളിത്തിരയുടെ തിളക്കത്തില്‍ നില്‍ക്കുമ്പോഴും തന്റെ കുടുംബത്തെയും വേണ്ടപ്പെട്ടവരെയും എന്നും ചേര്‍ത്തുനിര്‍ത്തിയിരുന്നു ശ്രീദേവി. അതുകൊണ്ടു തന്നെയാണ് താരറാണിയായി വാഴുന്ന സമയമായിരുന്നിട്ട് കൂടി മൂത്ത മകളുടെ ജനനത്തോടെ ശ്രീദേവി സിനിമയില്‍ നിന്നും വിട്ടുനിന്നത്.

ശ്രീദേവിയുടെ നഷ്ടം ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല ഭര്‍ത്താവ് ബോണി കപൂറിനും മക്കളായ ഖുഷിക്കും ജാന്‍വിക്കും. ശ്രീദേവിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മൂത്ത മകളായ ജാന്‍വിയുടെ സിനിമാപ്രവേശം. എന്നാല്‍ ജാന്‍വി നായികയായ ധടക്ക് പുറത്തിറങ്ങാന്‍ നാളുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ശ്രീദേവിയുടെ വിയോഗം. അമ്മയോട് ഏറെ അടുപ്പമുള്ള കുട്ടിയായിരുന്നു ജാന്‍വി. അമ്മയെ മാതൃകയാക്കി അമ്മയുടെ തണലില്‍ ജീവിച്ച കുട്ടി. അതിന്റെ തെളിവുകളായിരുന്നു മുതിര്‍ന്നിട്ട് പോലും അമ്മയുടെ പിറകെ അമ്മയുടെ വാക്ക് കേട്ട് അമ്മ നിര്‍ദേശിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് ഇരുവരും പങ്കെടുത്തിരുന്ന ചടങ്ങുകള്‍. മക്കളുടെ സ്‌നേഹനിധിയയായ അമ്മയായിരുന്നു ശ്രീദേവി. വേണ്ടത്ര സ്വാതന്ത്ര്യം നല്‍കിയും വേണ്ട കാര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ വച്ചും പൊതുവേദിയില്‍ വച്ച് പോലും ഉപദേശിച്ചും എന്നും അവരുടെ മാര്‍ഗനിര്‍ദേശിയായിരുന്നു. ഇപ്പോള്‍ ശ്രീദേവി എന്ന അമ്മയുടെ നഷ്ടം വരുത്തിവച്ച ശൂന്യതയെക്കുറിച്ച് ജാന്‍വി ഇന്‍സ്റ്റാഗ്രാഫില്‍ പങ്കുവച്ച ഹൃദയത്തില്‍ തൊടുന്ന കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അമ്മ തന്റെ എല്ലാമായിരുന്നെന്നും തങ്ങളുടെ ഉള്ളില്‍ അമ്മ എന്നുമുണ്ടാകുമെന്നും ജാന്‍വി പറയുന്നു. ജാന്‍വിയ്ക്ക് ഇരുപത്തിയൊന്ന് വയസ്സ് തികയാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ശ്രീദേവിയുടെ മരണം.

ജാൻവിയുടെ കുറിപ്പുകൾ വായിക്കാം

എന്റെ പിറന്നാള്‍ ദിവസം എനിക്കെല്ലാവരോടും പറയാന്‍ ഒന്നേയുള്ളൂ. നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കളെ സ്‌നേഹിക്കുക. ആ സ്‌നേഹം അവര്‍ക്ക് അനുഭവപ്പെടാന്‍  നിരന്തരം ശ്രമിക്കുക. അവരാണ് നിങ്ങളെ സൃഷ്ടിച്ചത്.  നിങ്ങള്‍ എന്റെ അമ്മയെ സ്‌നേഹിച്ചു. അമ്മയെ ഇന്നും സ്‌നേഹത്തോടെ ഓര്‍ക്കുന്നു അമ്മയുടെ ആത്മാവിനു നിത്യശാന്തി ലഭിക്കാനായി പ്രാര്‍ഥിച്ചു. ആ സ്‌നേഹവും പ്രാർഥനകളും എന്നും എന്റെ അമ്മയോട് കൂടെ ഉണ്ടാകണം.  ഒരു കാര്യം കൂടി പറഞ്ഞോട്ടെ എന്റെ അമ്മയെ സംബന്ധിച്ച് വലിയ കാര്യമെന്തെന്നാല്‍ അമ്മ അച്ഛന് നല്‍കിയ സ്‌നേഹമാണ്. അവരുടെ സ്‌നേഹം മരണത്തെ അതിജീവിക്കുന്നതാണ്. കാരണം അതുപോലെ മറ്റൊന്ന് ഈ ലോകത്തില്ല. ഇത്രയ്ക്കും സന്തോഷം നിറഞ്ഞതും പരിശുദ്ധവുമായ സ്‌നേഹമുള്ള,  ഇതുപോലെ പരസ്പരം സമര്‍പ്പിക്കപ്പെട്ട രണ്ടു പേര്‍ വേറെയില്ല. 

അതുകൊണ്ട് ആ സ്‌നേഹത്തെ ബഹുമാനിക്കൂ. കാരണം അങ്ങനെയുള്ള ഒന്നിനെ നശിപ്പിക്കാന്‍ ആരും ശ്രമിക്കില്ല അങ്ങനെ ചിന്തിക്കുന്നത് തന്നെ വേദനാജനകമാണ്. അതിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കേണ്ടതായും ലോകത്തിന് അത് കാണിച്ചു കൊടുക്കേണ്ടതുമാണ്. അമ്മയ്ക്ക് മാത്രമല്ല ആ സ്ത്രീയെ ചുറ്റിപ്പറ്റി മാത്രം ജീവിച്ച ഒരാൾക്കും അവരുടെ സ്നേഹത്തിന്റെ ബാക്കിപത്രമായ രണ്ടു മക്കള്‍ക്കും വേണ്ടിയാണ്. എനിക്കും ഖുശിക്കും ഞങ്ങളുടെ അമ്മയെ ആണ് നഷ്ടമായത്. പക്ഷെ ഞങ്ങളുടെ അപ്പയ്ക്ക് അദ്ദേഹത്തിന്റെ ജീവനാണ് നഷ്ടമായത്. അവര്‍ ഒരു അഭിനേത്രി, ഭാര്യ, അമ്മ എന്നതിനേക്കാളുമൊക്കെ വലുതായിരുന്നു. ഈ  വേഷങ്ങളിലൊക്കെ അവരായിരുന്നു ഏറ്റവും മികച്ചതും ഏറ്റവും പരമമായതും. 

സ്‌നേഹം നല്‍കുന്നതും വാങ്ങുന്നതുമാണ് അമ്മയെ സംബന്ധിച്ച് വലിയ കാര്യം. നിരാശ, അസൂയ എന്നതൊക്കെ എന്താണെന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു. അതിനാല്‍ നമുക്കും അങ്ങനെയാകാം. ഉള്ള് മുഴുവന്‍ നല്ലത് മാത്രം നിറയ്ക്കാം, സ്‌നേഹം മാത്രം നല്‍കാം. മരിച്ചു പോയെങ്കിലും നിങ്ങള്‍ക്കെല്ലാം എന്തെങ്കിലുമൊക്കെ തരാന്‍ സാധിച്ചതിനാല്‍ അത് അമ്മയെ സന്തോഷിപ്പിക്കും. ഈ കുറച്ച് ദിവസങ്ങളില്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് നൽകിയ എല്ലാ പിന്തുണയ്ക്കും നന്ദി. അത് ഞങ്ങള്‍ക്ക് നല്‍കിയ പ്രതീക്ഷയും  ധൈര്യവും വലുതാണ്... നന്ദി 

എന്റെ നെഞ്ചിനകത്ത് കാര്‍ന്നു തിന്നുന്ന ശൂന്യതയാണ്. പക്ഷെ അതുമായി എങ്ങനെ ജീവിക്കാമെന്ന് എനിക്കറിയാം. പക്ഷെ ഈ ശൂന്യതയ്ക്കിടയിലും ഞാന്‍ അമ്മയുടെ സ്‌നേഹം അറിയുന്നു. സങ്കടങ്ങളില്‍ നിന്നും വേദനയില്‍ നിന്നും എന്നെ സംരക്ഷിക്കുന്നത് ഞാന്‍ അറിയുന്നു. ഓരോ തവണയും ഞാന്‍ കണ്ണുകള്‍ അടയ്ക്കുമ്പോള്‍ നല്ല കാര്യങ്ങള്‍ മാത്രമേ എനിക്ക് ഓര്‍ക്കാന്‍ സാധിക്കുന്നുള്ളൂ. എനിക്കറിയാം അമ്മയാണ് അത് ചെയ്യുന്നതെന്ന്. ഞങ്ങളുടെ ജീവിതത്തിലെ അനുഗ്രഹമാണ് നിങ്ങള്‍. ഇത്രയും കാലമെങ്കിലും നിങ്ങളെ ഞങ്ങള്‍ക്ക് ലഭിച്ചതില്‍ ഞങ്ങള്‍ അനുഗ്രഹീതരാണ്. 

പക്ഷെ നിങ്ങള്‍ ഈ ലോകത്തിന് ചേര്‍ന്നതതല്ല. നിങ്ങള്‍ വളരെ നല്ലവളാണ്, പരിശുദ്ധയാണ്, ഒരുപാട് സ്‌നേഹമുള്ളവളാണ്. അതുകൊണ്ടാണ് ദൈവം നിങ്ങളെ തിരിച്ചെടുത്തത്. കുറച്ചുകാലമെങ്കിലും നിങ്ങളെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യം.
 
എന്റെ സുഹൃത്തുക്കള്‍ എന്നും എന്നോട് പറയാറുണ്ട് ഞാന്‍ എപ്പോഴും സന്തോഷവതിയാണെന്ന്. ഇപ്പോള്‍ എനിക്കറിയാം അതിന് കാരണം അമ്മയായിരുന്നു. ആരെന്ത് പറഞ്ഞാലും അതൊരു വിഷയമായിരുന്നില്ല എനിക്ക്, ഒരു പ്രശ്‌നവും വലുതായിരുന്നില്ല, ഒരു ദിവസവും മോശമായിരുന്നില്ല കാരണം എനിക്ക് അമ്മയുണ്ടായിരുന്നു. അമ്മ എന്നെ വളരെ അധികം സ്‌നേഹിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മറ്റാരെയും മറ്റൊന്നിനെയും എനിക്ക് ആശ്രയിക്കേണ്ടതായി വന്നിരുന്നില്ല. കാരണം എനിക്ക് അമ്മയെ മാത്രം മതിയായിരുന്നു. അമ്മയെന്റെ ആത്മാവിന്റെ ഭാഗമായിരുന്നു. എന്റെ ഉറ്റ സുഹൃത്ത് എനിക്ക് ലഭിച്ച എല്ലാ സൗഭാഗ്യങ്ങള്‍ക്കുമുള്ള കാരണക്കാരി. ജീവിതം മുഴുവന്‍ നിങ്ങള്‍ മറ്റുള്ളവര്‍ക്കായി നല്‍കുകയായിരുന്നു. അത് തന്നെ ആയിരുന്നു എനിക്ക് അമ്മയ്ക്കും തരാനുണ്ടായിരുന്നത്.  

എന്നെകുറിച്ചോര്‍ത് അമ്മയ്ക്ക് അഭിമാനിക്കാന്‍ ഞാന്‍ അവസരം നല്‍കും. എല്ലാ ദിവസവും എനിക്ക് ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു അമ്മയെക്കുറിച്ചോര്‍ത്ത് ഞാന്‍ എത്ര അഭിമാനിച്ചിരുന്നുവോ അത്രയ്ക്കും ഒരുനാള്‍ അമ്മയ്‌ക്കെന്നെ കുറിച്ചും ഓർത്ത് അഭിമാനിക്കാന്‍ സാധിക്കണം എന്ന്. പക്ഷെ ഞാന്‍ വാക്ക് തരുന്നു.. ഇനിയുള്ള ദിവസങ്ങളിലും ഇതേ ആഗ്രഹവും കൊണ്ടാണ് ഞാന്‍ ഉണരുക. കാരണം അമ്മ ഇവിടെത്തന്നെയുണ്ട്, എനിക്കത് അനുഭവപ്പെടുന്നുണ്ട്. അമ്മ എന്റെ ഉള്ളിലുണ്ട്, ഖുശിയുടെയും അപ്പയുടെയും ഉള്ളിലുണ്ട്. അമ്മ ഞങ്ങളുടെ കൂടെ ബാക്കിവച്ച് പോയ അടയാളങ്ങള്‍ അത്ര വലുതാണ്. അത് ഞങ്ങളെ മുന്നോട്ട് നയിക്കാന്‍ വേണ്ടതുണ്ട്. എന്നാല്‍ ഒരിക്കലും പൂര്‍ണമാക്കുന്നില്ല. 

എന്റെ എല്ലാമായ അമ്മയ്ക്ക് ഒരുപാട് സ്‌നേഹത്തോടെ 

ss