പ്രിയ പ്രകാശ് വാര്യര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ശ്രീദേവി ബംഗ്ലാവിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചുവെങ്കിലും അവര്‍ പ്രതികരിച്ചില്ലെന്നും വിവാദങ്ങളില്‍ അദ്ദേഹം അസ്വസ്ഥനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മലയാളിയായ പ്രശാന്ത്  മാമ്പുള്ളി സംവിധാനം ചെയ്യുന്ന ശ്രീദേവി ബംഗ്ലാവിനെതിരേ ബോണി കപൂര്‍ നേരത്തേ രംഗത്ത് വന്നിരുന്നു. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത് എന്ന അഭ്യൂഹങ്ങളായിരുന്നു ഇതിന് കാരണം. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത് മുതലാണ് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.

എന്നാല്‍ ശ്രീദേവി എന്നത് ഒരു പേര് മാത്രമാണെന്നും അത് മാറ്റാന്‍ സാധിക്കില്ലെന്നുമാണ് പ്രശാന്ത് മാമ്പുള്ളിയുടെ പറഞ്ഞത്. ഈ ചിത്രം ഒരു സസ്പെന്‍സ് ത്രില്ലറാണെന്നും ശ്രീദേവിയുടെ കഥയാണോ അല്ലയോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം മാതൃഭൂമി ക്ലബ് എഫ്.എം യു.എ.ഇയ്ക്ക് നല്‍കിയ വ്യക്തമാക്കി. ഇതെല്ലാം വിശദീകരിച്ച് ബോണി കപൂറിന് മറുപടി അയച്ചുവെന്നും അദ്ദേഹം പ്രതികരിച്ചില്ലെന്നുമാണ് പ്രശാന്ത് മാമ്പുള്ളിയുടെ വിശദീകരണം. 

70 കോടി മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ശ്രീദേവി ബംഗ്ലാവ് ദേശീയ പുരസ്‌കാരജേത്രിയായ ഒരു നടിയുടെ കഥയാണ് പറയുന്നത്. സിനിമയുടെ ഒരു വലിയഭാഗം ലണ്ടനില്‍ ചിത്രീകരിച്ചിരുന്നു. ബോളിവുഡ് താരം സല്‍മാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാനും അദ്ദേഹത്തിന്റെ കാമുകി ഗ്ലോറിയ ആന്‍ഡ്രിയാനയും ചിത്രത്തില്‍ വേഷമിടുന്നു.

Content Highlights: Sridevi Bungalow disappointed Boney Kapoor to take legal action, Priya Prakash Warrier, arbaaz khan Movie