ശ്രീദേവിയുടെ മരണത്തിന്റെ ഞെട്ടല്‍ ഇനിയും വിട്ടുമാറിയിട്ടില്ല ആരാധകരെ. അതിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും മുക്തനായിട്ടില്ല ഭര്‍ത്താവ് ബോണി കപൂര്‍. ഇക്കഴിഞ്ഞ ഫെബ്രുവരി ഇരുപതിനായിരുന്നു ശ്രീദേവിയുടെ അന്ത്യം.

മൂന്ന് മാസം കഴിഞ്ഞു. വിവാഹ വാര്‍ഷിക ദിനത്തില്‍ ശ്രീദേവിയില്ലാതെ തനിച്ചാണ് ബോണി കപൂര്‍. ശ്രീദേവിയുടെ ഓര്‍മകള്‍ തന്നെയാണ് വിവാഹ വാര്‍ഷിക ദിനത്തിലും ബോണി കപൂറിന് കൂട്ട്. ഈ ഓര്‍മകളില്‍ ശ്രീദേവിയുടെ ഹൃദയം തൊടുന്നൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ബോണി കപൂര്‍.

ഇന്നു ഞങ്ങളുടെ ഇരുപത്തിരണ്ടാം വിവാഹ വാര്‍ഷികമാവേണ്ടതായിരുന്നു. ജാന്‍... എന്റെ ഭാര്യ, എന്റെ പ്രാണന്‍, സ്‌നേഹത്തിന്റെ മൂര്‍ത്തരൂപം, ഞങ്ങളുടെ അനുഗ്രഹം. സ്‌നേഹം, ഊഷ്മളത. ഈ ചിരി എന്നും എന്നും ഞങ്ങളില്‍ നിലനില്‍ക്കും. വീഡിയോയ്‌ക്കൊപ്പം ബോണി കപൂര്‍ കുറിച്ചു.

മോഹിത് മാര്‍വയുടെ വിവാഹച്ചടങ്ങില്‍ നിന്ന് ഒപ്പിയെടുത്ത ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ബോണി കപൂറിന് പുറമെ അദ്ദേഹത്തിന്റെ സഹോദരനും വെള്ളിത്തിരയിലെ ജോഡിയുമായിരുന്ന അനില്‍ കപൂര്‍, സുഹൃത്തുക്കള്‍, മക്കളായ ജാന്‍വി, ഖുഷി എന്നിവര്‍ക്കൊപ്പം സന്തോഷകരമായ നിമിഷങ്ങള്‍ പങ്കിടുന്ന ശ്രീദേവിയെയാണ് രണ്ട് മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണുന്നത്.

Content Highlights: Sridevi Boney Kapoor Bollywood Actress Emotional Video