ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുല്‍ക്കര്‍ക്കെതിരേ ആരോപണമുന്നയിച്ച് ഫെയ്സ്ബുക്ക് പേജില്‍ കടുത്ത ആക്രമണം നേരിടുകയാണ് ശ്രീ റെഡ്ഡി. സച്ചിനെയും തെന്നിന്ത്യന്‍ നടി ചാര്‍മിയെയും ബന്ധപ്പെടുത്തി ശ്രീറെഡ്ഡി ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. ഇതു വിവാദമായ സാഹചര്യത്തില്‍ താന്‍ പറയുന്നത് നുണയല്ലെന്ന് പറഞ്ഞ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് നടി.

മാന്യമായ പെരുമാറ്റം കൊണ്ട് ഒരാള്‍ സത്യസന്ധനാണെന്ന് നമുക്ക് തോന്നാം. സമൂഹത്തില്‍ നല്ല പ്രതിച്ഛായ സൃഷ്ടിക്കാന്‍ അവര്‍ സാമൂഹിക പ്രവര്‍ത്തനങ്ങളും ചെയ്യും. അവര്‍ ചിലപ്പോള്‍ പരസ്ത്രീ ബന്ധത്തിലും തല്‍പരരായിരിക്കാം. ഞാന്‍ സത്യമാണ് പറയുന്നത്. പബ്ലിസിറ്റി കിട്ടാനല്ല ഞാന്‍ ഇതെല്ലാം പറയുന്നത്. എന്നെ വിശ്വസിക്കണം എന്ന് പറഞ്ഞ് ഞാന്‍ ആരുടെയും കാലുപിടിച്ചിട്ടില്ല. വേണമെങ്കില്‍ വിശ്വസിക്കാം. കഥ മെനഞ്ഞുണ്ടാക്കുന്നത് എന്റെ ജോലിയില്ല. ഞാന്‍ സത്യം മാത്രമാണ് പറഞ്ഞത്- ശ്രീ റെഡ്ഡി കുറിച്ചു. 

ക്രിക്കറ്റ് ഇതിഹാസത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് ആരാധകര്‍ക്ക് ഇഷ്ടമായില്ല, പ്രത്യേകിച്ച് മലയാളികള്‍ക്ക്. അതുകൊണ്ടു തന്നെ നടിയെ ചീത്തവിളിക്കുന്ന കമന്റുകളില്‍ ഭൂരിഭാഗവും മലയാളത്തിലാണ്.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന പേരിന് പകരം തെണ്ടുല്‍ക്കാരന്‍ എന്നും തെന്നിന്ത്യന്‍ നടി ചാര്‍മിക്ക് പകരം ചാര്‍മിങ് എന്നും ആന്ധ്രയുടെ മുന്‍ ആഭ്യന്തര ക്രിക്കറ്റ് താരം ചാമുണ്ഡേശ്വര്‍ നാഥിന്റെ പേരിന് പകരം ചാമുണ്ഡേശ്വര്‍ സ്വാമി എന്നുമാണ് ശ്രീ റെഡ്ഡി ഉപയോഗിച്ചിരിക്കുന്നത്.

കഴിഞ്ഞ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി ഹൈദരാബാദില്‍ നടന്ന പരിപാടിയില്‍ സച്ചിന്‍ പങ്കെടുത്തിരുന്നു. ഈ ചടങ്ങില്‍ ചാര്‍മിയും ചാമുണ്ഡേശ്വര്‍ നാഥും പങ്കെടുത്തിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് ശ്രീറെഡ്ഡിയുടെ ആരോപണമെന്നാണ്  സൂചന. ജയസൂര്യ നായകനായ കാട്ടുചെമ്പകം, മമ്മൂട്ടി നായകനായ താപ്പാന, ദീപീപ്-കമല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ആഗതന്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ചാര്‍മി.

പ്രമുഖര്‍ക്കെതിരേയുള്ള ലൈംഗികാരോപണങ്ങളും പ്രസ്താവനകളും കൊണ്ട് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയ താരമാണ് ശ്രീറെഡ്ഡി. നടന്മാരായ നാനി, രാഘവ ലോറന്‍സ്, ശ്രീകാന്ത്, സംവിധായകരായ മുരുഗദോസ്, സുന്ദര്‍ സി തുടങ്ങിയവര്‍ക്കെതിരേയുള്ള ശ്രീ റെഡ്ഡിയുടെ ലൈംഗികാരോപണങ്ങള്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. 

Content Highlights: sri reddy on sachin charmi controversy telugu cinema casting couch