തെന്നിന്ത്യന്‍ സിനിമയില്‍ നടിമാര്‍ക്കെതിരെ വ്യാപകമായ ലൈംഗിക ചൂഷണങ്ങള്‍ നടക്കുന്നുവെന്ന ആരോപണവുമായി രംഗത്ത് വന്ന് ശ്രദ്ധ നേടിയ നടിയാണ് ശ്രീ റെഡ്ഡി. ഹൈദരാബാദ് ഫിലിം ചേമ്പറിന് മുന്നില്‍ അര്‍ധനഗ്നയായി പ്രതിഷേധിച്ചായിരുന്നു തുടക്കം. തെലുങ്കിലെയും തമിഴിലേയും പ്രമുഖര്‍ക്ക് എതിരെയെല്ലാം ശ്രീ റെഡ്ഡി ആരോപണം ഉന്നയിച്ചിരുന്നു. 

സിനിമയില്‍ സജീവമല്ലെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ നടത്തുന്ന ഇടപെടലിലൂടെ ശ്രീ റെഡ്ഡി വാര്‍ത്തകളിലിടം നേടാറുണ്ട്. സെല്‍വരാഘവന്‍ ചിത്രം എന്‍.ജി.കെയെക്കുറിച്ച് ശ്രീ റെഡ്ഡി എഴുതിയ പോസ്റ്റ് വിവാദമായി മാറിയിരിക്കുകയാണ്. സൂര്യ നായകനാകുന്ന ചിത്രത്തില്‍ സായ് പല്ലവി, രാകുല്‍ പ്രീത് സിംഗ് എന്നിവരാണ് മറ്റു താരങ്ങള്‍. അതില്‍ രാകുല്‍ പ്രീത് സിംഗിന്റെ അഭിനയത്തെ ശക്തമായി വിമര്‍ശിക്കുകയാണ് ശ്രീ റെഡ്ഡി. 

സിനിമയില്‍ രാകുല്‍ പ്രീത് വളരെ മോശമാണെന്നും കണ്ടിട്ട് തനിക്ക് ഛര്‍ദ്ദിക്കാന്‍ വന്നുവെന്നും ശ്രീ റെഡ്ഡി കുറിച്ചു. സായ് പല്ലവിയുടെ പ്രകടനം മികച്ചതാണെന്നും കുറിച്ചു. തന്റെ റൗഡി ബേബി എന്നാണ് ശ്രീ റെഡ്ഡി സായ് പല്ലവിയെ വിശേഷിപ്പിച്ചത്. 

എന്‍.ജി.കെ എന്നതിന് പകരം വൈ.ജി.കെ എന്നാണ് ശ്രീ റെഡ്ഡി കുറിച്ചിരിക്കുന്നത്. അതുകൊണ്ടു സിനിമ കാണാതെ തന്നെ രാകുലിനെ ആക്രമിക്കുക എന്ന ഉദ്ദേശത്തോടു കൂടി കുറിച്ച ഒരു പോസ്റ്റ് ആണിതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഇതിനു മുന്‍പും ശ്രീ റെഡ്ഡി രാകുലിനെതിരേ രംഗത്ത് വന്നിട്ടുണ്ട്.

Content Highlights: Sri Reddy criticises Rakul Preet singh, ngk movie review, suriya, selvaraghavan, sai pallavi