നൃത്തസംവിധായകനും നടനുമായ രാഘവ ലോറന്‍സിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് നടി ശ്രീ റെഡ്ഡി. നടിയുടെ ആരോപണങ്ങളോട് ശക്തമായി പ്രതികരിച്ച് ലോറന്‍സ് രംഗത്ത് വന്നിരുന്നു. ലോറന്‍സ് ലൈംഗികമായി തന്നെ ഉപയോഗിച്ചുവെന്ന് ചാനല്‍ അഭിമുഖത്തില്‍ ശ്രീ റെഡ്ഡി വെളിപ്പെടുത്തിയിരുന്നു. സംഭവം വിവാദമായതോടെയാണ് നടിക്ക് മറുപടിയുമായി ലോറന്‍സ് പത്രക്കുറിപ്പ് പുറത്തിറക്കിയത്. ഒപ്പം വെല്ലുവിളിക്കുകയും ചെയ്തു
ലോറന്‍സിന്റെ വാക്കുകള്‍ ഇങ്ങനെ
'നിങ്ങള്‍ നല്ലൊരു നടിയാണെങ്കില്‍ നമുക്കൊരു വാര്‍ത്താസമ്മേളനം സംഘടിപ്പിക്കാം, നിങ്ങളും വരൂ. മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍വെച്ച് തന്നെ ഞാന്‍ രണ്ട് രംഗങ്ങള്‍ നിങ്ങള്‍ക്ക് അഭിനയിക്കാനായി നല്‍കാം, കൂടെ ഒരു ഡാന്‍സ് സ്റ്റെപ്പും. അത് ഞാന്‍ സാധാരണ നല്‍കാറുള്ളതുപോലെ ബുദ്ധിമുട്ടുള്ള സ്റ്റെപ്പ് ആയിരിക്കുകയില്ല. സാധാരണ അഭിനേതാവിന് ചെയ്യാന്‍ കഴിയുന്ന ഒന്ന്. നിങ്ങള്‍ക്ക് കഴിവ് ഉണ്ടെങ്കില്‍ തീര്‍ച്ചയായും അത് ചെയ്യാന്‍ സാധിക്കും. കഴിവുണ്ടെന്ന് തെളിയിക്കൂ. എന്നിട്ട് എന്റെ സിനിമയില്‍ അവസരം തരാം. മുന്‍കൂറായി പണവും തരാം'- ലോറന്‍സ് പറഞ്ഞു.
ലോറന്‍സിന്റെ പ്രതികരണത്തെ തുടര്‍ന്ന് താന്‍ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും എല്ലാവരും അനുഗ്രഹിക്കണമെന്നും ശ്രീ റെഡ്ഡി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതോടൊപ്പം തന്നെ നാലോളം വീഡിയോകളും പോസ്റ്റ് ചെയ്തു. ഇതെല്ലാം ലോറന്‍സ് മാസ്റ്റര്‍ക്ക് വേണ്ടിയാണിതെന്നും ശ്രീ റെഡ്ഡി കുറിച്ചു.
കാസ്റ്റിംങ് കൗച്ച് വിവാദവുമായി ബന്ധപ്പെട്ടാണ് ശ്രീ റെഡ്ഡി വാര്‍ത്തകളിലിടം നേടുന്നത്. സിനിമയില്‍ അവസരം തേടിവരുന്ന പുതുമുഖങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നും ഇവര്‍ ആരോപിച്ചു. ഹൈദരാബാദിലെ ഫിലിം ചേമ്പറിന് മുന്‍പില്‍ അര്‍ദ്ധനഗ്നയായി പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി, നാനി, കൊരട്ടാല ശിവ, മുരുഗദോസ്, ശ്രീകാന്ത്, സുന്ദര്‍. സി തുടങ്ങി പലര്‍ക്കെതിരെയും ശ്രീറെഡ്ഡി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.