മമ്മൂട്ടിയും സനത് ജയസൂര്യയും. ജയസൂര്യ ട്വീറ്റ് ചെയ്ത ചിത്രം | ഫോട്ടോ: twitter.com/Sanath07
കൊളംബോ: ശ്രീലങ്കയുടെ മുൻ ക്രിക്കറ്റ് താരം സനത് ജയസൂര്യയും നടൻ മമ്മൂട്ടിയും തമ്മിൽ കൊളംബോയിൽ കൂടിക്കാഴ്ച നടത്തി. ശ്രീലങ്കയുടെ ടൂറിസം ബ്രാൻഡ് അംബാസിഡർ കൂടിയാണ് ജയസൂര്യ. ശ്രീലങ്കയിൽ സിനിമാ ഷൂട്ടിങ്ങിനെത്തിയ മമ്മൂട്ടിയെ സർക്കാർ പ്രതിനിധിയായ ജയസൂര്യയെത്തി കാണുകയായിരുന്നു.
ജയസൂര്യ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ കൂടിക്കാഴ്ചയുടെ വിവരം പുറത്തുവിട്ടത്. മലയാളത്തിലെ മുതിർന്ന നടൻ മമ്മൂട്ടിയെ സന്ദർശിക്കാനായത് ബഹുമതിയായി കാണുന്നു. സർ, നിങ്ങൾ ശരിക്കും ഒരു സൂപ്പർ സ്റ്റാർ തന്നെ. ശ്രീലങ്കയിലേക്ക് വന്നതിനെ വളരെയധികം നന്ദി. ഞങ്ങളുടെ രാജ്യം ആസ്വദിക്കുന്നതിന് ഇന്ത്യയിൽ നിന്നുള്ള എല്ലാ താരങ്ങളേയും സുഹൃത്തുക്കളേയും ശ്രീലങ്കയിലേക്ക് ക്ഷണിക്കുന്നു. ജയസൂര്യ ട്വീറ്റ് ചെയ്തു.
മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളും ജയസൂര്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. എം.ടി വാസുദേവൻ നായരുടെ രചനയിൽ രഞ്ജിത് സംവിധാനം ചെയ്യുന്ന കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് മമ്മൂട്ടി ശ്രീലങ്കയിലെത്തിയത്. ബുധനാഴ്ച ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധനെയുമായും മമ്മൂട്ടി കൂടിക്കാഴ്ച നടത്തിയേക്കും.
ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് കടുഗണ്ണാവ. ശ്രീലങ്കയിൽ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകൾ എന്ന് കരുതപ്പെടുന്ന പെൺകുട്ടിയെക്കുറിച്ചുള്ള ഒരു മുതിർന്ന പത്രപ്രവർത്തകൻറെ ഓർമ്മയാണ് 'കടുഗണ്ണാവ'. ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയിലേക്ക് പോകേണ്ടിവരുന്ന വേണുഗോപാൽ പഴയ ഓർമ്മകളെ പൊടിതട്ടിയെടുക്കുകയാണ് ചിത്രത്തിൽ. ഈ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുക.
'നിന്റെ ഓർമ്മയ്ക്ക്' എന്ന ചെറുകഥയുടെ തുടർച്ചയെന്നോണം എം.ടി. എഴുതിയ ചെറുകഥയാണ് കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്. ശ്രീലങ്കയിലെ കലാപം നടക്കുന്നതിനാൽ സിനിമ എവിടെ ചിത്രീകരിക്കണം എന്ന കാര്യത്തിൽ അന്തിമതീരുമാനം ആവുന്നതേയുള്ളൂ. എം.ടിയുടെ പത്ത് കഥകളാണ് സിനിമയാകുന്നത്. അഭയം തേടി, ഓളവും തീരവും, ഷെർലക്ക്, ശിലാലിഖിതം തുടങ്ങിയവയാണ് സിനിമയാകുന്ന മറ്റുചിത്രങ്ങൾ.
Content Highlights: sanath jayasurya visited mammootty, mammootty and sanath jayasurya, kadugannawa oru yathrakurippu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..