മോഹന്‍ലാലുമായി സ്വരചേര്‍ച്ചയില്ലെന്ന ആരോപണത്തിന് മറുപടിയുമായി ശ്രീനിവാസന്‍. മൂന്നാമത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ബെന്നി പി നായരമ്പലവും ഒന്നിച്ച ഗോളാന്തര 'കേരളം, സിനിമയ്ക്കകത്തും പുറത്തുമുള്ള കേരളീയ ജീവിതത്തിന്റെ മായക്കാഴ്ച്ചകള്‍' എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍.
മോഹന്‍ലാലും ശ്രീനിവാസനും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്ന ആരോപണത്തില്‍ ശ്രീനിവാസന്റെ നിലപാട് എന്താണെന്ന ചോദ്യത്തിന് ഇല്ലാത്ത ഒരു കാര്യത്തെപ്പറ്റി വിശദീകരിക്കേണ്ട ആവശ്യമുണ്ടോ എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. എങ്കില്‍ മൂവരും ഒന്നിച്ച് ഒരു സിനിമ വീണ്ടും ചെയ്യണ്ടേ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്ന ശ്രീനിവാസന്റെ മറുപടി നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.
ശ്രീനിവാസന്റെ രാഷ്ട്രീയം; സത്യന്‍ അന്തിക്കാടിന്റെ ചോദ്യം

'ചിലപ്പോള്‍ തോന്നും ശ്രീനി ഇടതുപക്ഷമാണെന്ന്, ചിലപ്പോള്‍ യുഡിഎഫ്, ചിലപ്പോള്‍ ബിജെപി അനുഭാവിയാണെന്ന്. സത്യത്തില്‍ ശ്രീനിയുടെ രാഷ്ട്രീയ ചിന്ത എന്താണ്'. കുസൃതിയോടെ സത്യന്‍ അന്തിക്കാട് ചോദ്യമെറിഞ്ഞപ്പോള്‍ ഇതിന് മറുപടി കോമഡി വേണോ സീരിയസാവണോ എന്ന ശ്രീനിവാസന്റെ കൗണ്ടര്‍ കയ്യടികളോടെയാണ് ജനം സ്വീകരിച്ചത്.
'കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ ശ്രീനിവാസനെ മത്സരിപ്പിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചെത്തിയവരോട് ശ്രീനി പറഞ്ഞത് ഞാന്‍ ചെളിയില്‍ ഇറങ്ങാറുണ്ട്, കൃഷിക്കായി. പക്ഷേ കൂടുതല്‍ ചെളിയിലേക്ക് ഞാന്‍ ഇല്ല എന്നാണ്'. ശ്രീനിവാസന്റെ കൗണ്ടര്‍ ഡയലോഗുകളിലുള്ള പ്രാവീണ്യത്തിന് ഉദാഹരണമായി സത്യന്‍ അന്തിക്കാട് പറഞ്ഞ കാര്യം വേദിയില്‍ പൊട്ടിച്ചിരിയുണര്‍ത്തി.
Content Highlights: Sreenivasan, Mohanlal, Sathyan Anthikkad, MBFL