ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം
കൊച്ചി: ഇനിമുതല്‍ നിര്‍മാതാക്കളുമായി കരാര്‍ ഒപ്പിടാത്ത നടീനടന്മാരുമായി സഹകരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍. ചിലര്‍ ഒരിടത്തും അംഗത്വമെടുക്കാതെ സംഘടനയെ വെല്ലുവിളിക്കുകയാണ്. നിയമപരമായ സുരക്ഷിതത്വത്തിനുവേണ്ടി അമ്മയിലെ അംഗത്വ നമ്പര്‍ നിര്‍ബന്ധമാക്കുമെന്ന് അവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, താരസംഘടനയായ 'അമ്മ', സാങ്കേതികവിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്ക എന്നിവരുടെ സംയുക്തയോഗത്തിലാണ് തീരുമാനം.
ഷെയ്ന്‍ നിഗം പുതിയ സിനിമയുടെ ഷൂട്ടിങ് പകുതിയിലെത്തിയപ്പോള്‍ എഡിറ്റ് ചെയ്ത രൂപം കാണണമെന്ന് ആവശ്യപ്പെടുകയും തനിക്ക് കൂടുതല്‍ പ്രാധാന്യം വേണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്നതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ പരാതിലഭിച്ചിട്ടുണ്ട്.
ശ്രീനാഥ് ഭാസി ഒരേസമയം പലരുടെയും സിനിമയ്ക്ക് ഡേറ്റ് നല്‍കുകയാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കരാര്‍ തന്നെ കുരുക്കാനാണെന്നാണ് അദ്ദേഹം പറയുന്നത്. ശ്രീനാഥ് ഭാസി സമയത്തിന് ഷൂട്ടിങ് സെറ്റിലെത്തില്ല, വിളിച്ചാല്‍ ഫോണെടുക്കുകയില്ല. ശ്രീനാഥ് ഏതെല്ലാം സിനിമകള്‍ക്കാണ് ഡേറ്റ് കൊടുത്തിരിക്കുന്നതെന്ന് അദ്ദേഹത്തിന് പോലും അറിയില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.
സെറ്റില്‍ വൈകിവരുന്നതുള്‍പ്പെടെയുള്ള സമീപനംമൂലം നിര്‍മാതാവിനുണ്ടാകുന്ന നഷ്ടം അഭിനേതാക്കളില്‍നിന്ന് ഈടാക്കാനുള്ള പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നീക്കത്തെ മറ്റുസംഘടനകളും പിന്തുണയ്ക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.
സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവരുടെ പേരുകള്‍ സര്‍ക്കാരിന് നല്‍കും. താരങ്ങള്‍ക്കെതിരേ ലഭിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
'വെയില്‍' സിനിമയുടെ ചിത്രീകരണസമയത്തുണ്ടായ വിവാദങ്ങള്‍ക്കുശേഷമാണ് ഷെയ്ന്‍ നിഗം അമ്മയില്‍ അംഗമായത്. ശ്രീനാഥ് ഭാസി ഇപ്പോഴും അംഗമല്ല. അംഗമല്ലാത്തവരുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സംഘടനയിലുള്ള മുഴുവന്‍ പേരും പഴികേള്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
'അമ്മ'യില്‍ അംഗമല്ലാത്തവരെവെച്ച് സിനിമചെയ്യുമ്പോഴുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ക്ക് അതിന്റെ നിര്‍മാതാവ് മാത്രമായിരിക്കും ഉത്തരവാദിയെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
Content Highlights: Sreenath Bhasi shane Nigam controversy, both actors are making troubles in film set- producers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..