ആർ ശ്രീലേഖ, ദിലീപ്
ദിലീപിനോട് പണ്ടുമുതലേ കൂറുള്ള ആളാണ് ശ്രീലേഖ ഐ.പി.എസ് എന്ന് അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി മിനി. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പിയിരിക്കുകയാണവരെന്നും ടി.ബി മിനി പറഞ്ഞു.
പ്രതിയായ ദിലീപിന് ജയിലില്‍ പ്രത്യേക സൗകര്യം ചെയ്തുകൊടുത്ത വ്യക്തിയാണിവര്‍. ഒരു ഉന്നത പോലീസുദ്യോഗസ്ഥയായിരുന്നു അവര്‍. ഞാന്‍ ഈ കേസിന് പിറകെ പോകാനുള്ള കാരണം ദിലീപ് തന്നെയാണ് അയാള്‍ക്കെതിരേ തെളിവുകള്‍ ഉണ്ടാക്കുന്നത്. മറ്റൊരു പ്രധാനതെളിവ് എന്ന് പറഞ്ഞാല്‍ അവര്‍ ജയില്‍ മേധവിയായിരുന്ന കാലത്ത് പള്‍സര്‍ സുനിയ്ക്ക് ഒരു ഫോണ്‍ കൊണ്ടുകൊടുത്തു എന്ന് പറയുന്നുണ്ട്. അങ്ങനെയാണെങ്കില്‍ ആ വിഷയത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. അതിന്റെ പൂര്‍ണ ഉത്തരവാദിത്തം അവര്‍ക്കാണ്. എന്തുകൊണ്ട് അവരത് മറച്ചുവച്ചു. പള്‍സര്‍ സുനി തന്നെ സമാനമായ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ച പ്രതിയാണെന്ന് അവര്‍ പറയുന്നു. ഈ വെളിപ്പെടുത്തല്‍ ദിലീപിന് വിനയാകും. ഇതുവരെ അതിജീവിതയോട് സംസാരിക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല. അവര്‍ക്ക് എന്തു താല്‍പര്യമാണ് ഈ കേസിലുള്ളത് എന്ന് അന്വേഷിക്കണം. കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയില്‍ ഒരിക്കല്‍ പോലും അവര്‍ വന്നിട്ടില്ല-ടിബി മിനി പറഞ്ഞു.
യുട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖ നടിയെ ആക്രമിച്ച കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ദിലീപിനെതിരേ തെളിവ് കിട്ടാത്തതുകൊണ്ടാണ് പുതിയ കേസുമായി പോലീസ് രംഗത്തുവന്നത്. പള്‍സര്‍ സുനി മുമ്പും നിരവധി നടിമാരോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും ജയിലില്‍നിന്ന് ദിലീപിന് കത്തയച്ചത് പള്‍സര്‍ സുനിയല്ല, സഹതടവുകാരനാണെന്നും ആര്‍ ശ്രീലേഖ പറഞ്ഞു.
പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത വേളയില്‍ രണ്ടാഴ്ചയോളം അയാള്‍ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നു. ഇത്രയും ദിവസങ്ങള്‍ കസ്റ്റഡിയില്‍വച്ച് ചോദ്യംചെയ്തിട്ടും ഇതൊരു ക്വട്ടേഷനായിരുന്നുവെന്ന് കണ്ടെത്താന്‍ പോലീസ് കഴിയാതെ പോയത് എന്തുകൊണ്ടാണെന്ന് ശ്രീലേഖ ചോദിച്ചു. ക്വട്ടേഷനാണെങ്കില്‍ സാധാരണ നിലയില്‍ ഒരു പ്രതി അക്കാര്യം പോലീസിന് മുമ്പാകെ തുറന്നുസമ്മതിക്കേണ്ടതാണെന്നും അവര്‍ പറഞ്ഞു.
പള്‍സര്‍ സുനിയും കൂട്ടരും ക്വട്ടേഷന്‍ സംഘങ്ങളാണോയെന്ന് തനിക്ക് ഇപ്പോഴും സംശയമുണ്ട്. ഇവര്‍ ചെയ്ത മുന്‍കാല പ്രവര്‍ത്തികള്‍ മുഴുവന്‍ സ്വയം കാശുണ്ടാക്കാനും ആളുകളെ ഭീഷണിപ്പെടുത്തി പണംതട്ടാനുമാണെന്നും ശ്രീലേഖ പറഞ്ഞു. കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷമാണ് പള്‍സര്‍ സുനി അയച്ചെന്ന് പറയുന്ന കത്ത് അടക്കമുള്ള കാര്യങ്ങള്‍ പുറത്തുവന്നത്. ഇതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്നും ശ്രീലേഖ പറയുന്നു.
നടിയെ ആക്രമിച്ച കേസിലെ തുടരമ്പേഷണം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് സംസ്ഥാന പോലീസിലെ മുതിര്‍ന്ന ഡിജിപി ആയിരുന്ന ശ്രീലേഖ പോലീസ് കണ്ടെത്തലുകളെ തള്ളി രംഗത്തെത്തിയത്. നടിയെ ആക്രമിച്ച സംഭവം നടക്കുമ്പോള്‍ ജയില്‍ മേധാവിയായിരുന്നു ശ്രീലേഖ. നേരത്തേയും ദിലീപിനെതിരേ കേസില്‍ തുടരന്വേഷണം ആരംഭിച്ച ഘട്ടത്തില്‍ ശ്രീലേഖ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ അതില്‍നിന്ന് വ്യത്യസ്തമായി പോലീസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന ചില വിമര്‍ശനങ്ങളാണ് ഇപ്പോളുണ്ടായത്.
Content Highlights: Sreelekha IPS stirs up controversy, YouTube channel, Dileep case, Actress attack Case, TB Mini
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..