'എന്തുകൊണ്ട് സുരേഷ് ഗോപി അപ്രത്യക്ഷനായി?, തല്‍പ്പരകക്ഷികളുടെ ഗൂഢ ശ്രമങ്ങള്‍ കൊണ്ടോ?'


അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തെ പ്രശംസിച്ച് ശ്രീകുമാരന്‍ തമ്പി

-

സുരേഷ് ഗോപിയെയും ശോഭനയെയും കേന്ദ്രകഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തെ പ്രശംസിച്ച് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. പ്രണയത്തിന്റെ കാര്യത്തില്‍ പഴയ തലമുറയും പുതിയ തലമുറയും എങ്ങനെ വ്യത്യസ്തരാകുന്നു, പുതിയ തലമുറയുടെ മാറി വരുന്ന കാഴ്ചപ്പാടുകള്‍ എങ്ങനെയൊക്കെ എന്ന് ഈ ചിത്രത്തില്‍ അതിസമര്‍ത്ഥമായി ആവിഷ്‌കരിച്ചിരിക്കുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു.

സുരേഷ് ഗോപിയുടെ അഭിനയത്തെ പ്രശംസിച്ച ശ്രീകുമാരന്‍ തമ്പി, എന്തുകൊണ്ടാണ് അദ്ദേഹം ഇത്രയും വര്‍ഷങ്ങള്‍ സിനിമയില്‍ നിന്ന് മാറി നിന്നത് എന്ന് ചോദിക്കുന്നു. ചിത്രത്തിലെ മറ്റു അഭിനേതാക്കളുടെ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു.

ശ്രീകുമാരന്‍ തമ്പിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

പ്രണയത്തിന്റെ അവസ്ഥാന്തരങ്ങള്‍ !

അനൂപ് സത്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ''വരനെ ആവശ്യമുണ്ട്'' എന്ന ചിത്രം ആദ്യ ദിവസം തന്നെ കാണണം എന്നുണ്ടായിരുന്നെങ്കിലും അന്ന് ഞാന്‍ വിദേശത്തായിരുന്നതു കൊണ്ട് ഇന്നലെ മാത്രം ആണ് കാണാന്‍ അവസരം ലഭിച്ചത്. പ്രണയത്തിന്റെ കാര്യത്തില്‍ പഴയ തലമുറയും പുതിയ തലമുറയും എങ്ങനെ വ്യത്യസ്തരാകുന്നു, പുതിയ തലമുറയുടെ മാറി വരുന്ന കാഴ്ചപ്പാടുകള്‍ എങ്ങനെയൊക്കെ എന്ന് ഈ ചിത്രത്തില്‍ അതിസമര്‍ത്ഥമായി ആവിഷ്‌കരിച്ചിരിക്കുന്നു. സുരേഷ് ഗോപിയെയും ശോഭനയെയും ദീര്‍ഘ കാലത്തിനു ശേഷം വീണ്ടും ഒരുമിച്ച് ഒരു ചിത്രത്തില്‍ കൊണ്ടു വരാന്‍ മുന്‍കൈ എടുത്ത ഈ ചിത്രത്തിന്റെ നിര്‍മ്മാതാവും പ്രധാന നടനുമായ ദുല്‍ക്കര്‍ സല്‍മാനെയും സംവിധായകന്‍ അനൂപ് സത്യനെയും ഞാന്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. 'സെക്കന്റ് ഷോ' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് വന്ന നാള്‍ മുതല്‍ ദുല്‍ക്കര്‍ സല്‍മാന്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ്. അഭിനയത്തില്‍ അദ്ദേഹം കാണിക്കുന്ന അനായാസതയും അവധാനതയും പല നടന്മാര്‍ക്കും മാര്‍ഗ്ഗ ദര്‍ശകം ആകേണ്ടതാണ്.