കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന എല്ലാ പരീക്ഷകളും മലയാളത്തിലാക്കണമെന്ന് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. മാതൃഭാഷയോട് അനുഭാവമില്ലാത്ത ഇന്ത്യയിലെ ഒരേ ഒരു വിഭാഗം മലയാളികളാണെന്ന് അദ്ദേഹം പറയുന്നു. കേരളത്തിലെ ഉത്തരവാദപ്പെട്ട എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും മലയാളത്തിന് പ്രാധാന്യം നല്‍കിയേ മതിയാകൂവെന്നും ചെറിയ കോടതികളിലെങ്കിലും വാദപ്രതിവാദങ്ങളും വിധിപറയലും പൂര്‍ണ്ണമായും മലയാളത്തിലാക്കണമെന്നും അദ്ദേഹം പറയുന്നു. സ്വാതന്ത്ര്യം കിട്ടി എഴുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കു ശേഷവും ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ചു പോയ വിഴുപ്പുകള്‍ തന്നെ നമ്മള്‍ ധരിക്കണമെന്നു വന്നാല്‍ കഷ്ടം തന്നെയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ശ്രീകുമാരന്‍ തമ്പയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കം

പബ്ലിക് സര്‍വീസ് കമ്മീഷനും മാതൃഭാഷയും

ഐക്യമലയാള പ്രസ്ഥാനത്തിന് എന്റെ അഭിവാദ്യങ്ങള്‍ !

ഭാരതത്തില്‍ മാതൃഭാഷാ സ്‌നേഹമില്ലാത്ത ഒരേയൊരു വിഭാഗമുണ്ടെങ്കില്‍ അത് മലയാളികളാണ്. ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിച്ചിട്ടുള്ള എനിക്ക് അനുഭവത്തിലൂടെ ഇങ്ങനെ പറയാന്‍ കഴിയും ഇരുപത്തിയാറാം വയസ്സു മുതല്‍ ചെന്നൈയില്‍ താമസിച്ചുവരുന്ന എന്നെ തമിഴന്റെ മാതൃഭാഷാസ്‌നേഹം എന്നും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. അവന്‍ സ്വന്തം ഭാഷയ്ക്കു വേണ്ടി ജീവന്‍ കൊടുക്കും. ദൂരദര്‍ശന്റെ ഡല്‍ഹി നിലയം സംപ്രേഷണം ചെയ്യുന്ന ഹിന്ദി സമാചാര്‍ എന്ന വാര്‍ത്താ പരിപാടി തമിഴ്‌നാടോഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കാണാന്‍ കഴിയും. എന്നാല്‍.തമിഴ്നാട്ടില്‍ അപ്പോള്‍' '

'സൈതികള്‍ ' ( വാര്‍ത്തകള്‍ തമിഴില്‍ ) ആണ് കാണിക്കുന്നത്. പബ്ലിക് സര്‍വീസ് കമ്മീഷന്‍ മാത്രമല്ല കേരളത്തിലെ ഉത്തരവാദപ്പെട്ട എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും മലയാളത്തിന് പ്രാധാന്യം നല്‍കിയേ മതിയാകൂ. ചെറിയ കോടതികളിലെങ്കിലും വാദപ്രതിവാദങ്ങളും വിധിപറയലും പൂര്‍ണ്ണമായും മലയാളത്തിലാക്കണം.

മുപ്പത്തിയഞ്ചു വര്‍ഷം മുന്‍പ് ഞാന്‍ കന്നഡഭാഷയില്‍ ഒരു സിനിമ നിര്‍മ്മിച്ചു. ഷൂട്ടിംഗ് തുടങ്ങുന്നതിനു മുന്‍പ് ചിത്രത്തിന്റെ എല്ലാ വിവരങ്ങളും കര്‍ണാടക ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ നല്‍കണം. നിര്‍മ്മാതാവും സംവിധായകനും എന്ന നിലയില്‍ ഞാന്‍ അവരുടെ ഓഫീസില്‍ ചെന്നപ്പോള്‍ കന്നഡഭാഷയില്‍ അച്ചടിച്ച ഒരു കടലാസു കയ്യില്‍ തന്നു. അതില്‍ ഒരു ഇംഗ്ലീഷ് അക്ഷരം പോലുമില്ല. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് ആയി ഒരു കര്‍ണ്ണാടക സ്വദേശിയെ വയ്ക്കണമെന്നും ആവശ്യപ്പെട്ടു എനിക്ക് അനുസരിക്കേണ്ടി വന്നു. കര്‍ണാടകത്തില്‍ കന്നഡഭാഷാ ചിത്രങ്ങളെ വിനോദനികുതിയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം മറ്റു ഭാഷാ ചിത്രങ്ങള്‍ക്ക് വന്‍ നികുതി കൊടുക്കണം. അതുകൊണ്ട് കുറഞ്ഞ നിരക്കില്‍ കന്നഡച്ചിത്രങ്ങള്‍ കാണാന്‍ സാധിക്കും. മഹാരാഷ്ട്രയില്‍ പിരിച്ചെടുക്കുന്ന വിനോദ നികുതി അടുത്ത ചിത്രം നിര്‍മ്മിക്കാനായി സര്‍ക്കാര്‍ നിര്‍മ്മാതാവിന് തിരിച്ചു നല്‍കും ഹിന്ദി ചിത്രങ്ങളുടെ ആക്രമണത്തില്‍ നിന്ന് മറാഠി സിനിമകളെ രക്ഷിച്ചത് ഈ സര്‍ക്കാര്‍ നയമാണ്. ഒരേ സമയം മലയാള ചലച്ചിത്രപരിഷത്തിന്റെയും മലയാളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും വൈസ് പ്രസിഡന്റായിരുന്ന കാലത്ത് കേരളത്തിലെ രണ്ടു മുഖ്യമന്ത്രിമാരോട് ഞാന്‍ ഈ വസ്തുതകള്‍ സംസാരിച്ചിട്ടുണ്ട്.ഒരു പ്രയോജനവുമുണ്ടായില്ല.

ഉത്തരേന്ത്യയില്‍ അധികം ഉദ്യോഗാര്‍ത്ഥികളും സിവിള്‍ പരീക്ഷകള്‍ എഴുതുന്നത് ഹിന്ദിയിലാണ്. നമ്മള്‍ മലയാളികള്‍ ഇംഗ്‌ളീഷിലും. ഹിന്ദിയില്‍ എഴുതുന്ന ഉത്തരേന്ത്യക്കാര്‍ക്കു ഉയര്‍ന്ന റാങ്കുകള്‍ കിട്ടും. ഇംഗ്ലീഷില്‍ തെറ്റു കൂടാതെ ഒരു വാക്യം പോലും പറയാന്‍ കഴിയാത്ത ഐ.എ.എസ്സുകാരും ഐ.പി.എസ്സുകാരുമുണ്ട്.

ഇംഗ്ലീഷും ഹിന്ദിയും പഠിക്കാന്‍ എന്നും ആവേശം കാട്ടിയിട്ടുള്ളവരാണ് മലയാളികള്‍, എന്നാല്‍ ഈ ഹൃദയവിശാലത പരാധീനതയാവാന്‍ പാടില്ല. .. സ്വാതന്ത്ര്യം കിട്ടി എഴുപത്തിരണ്ട് വര്‍ഷങ്ങള്ക്കു ശേഷവും ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ചു പോയ വിഴുപ്പുകള്‍ തന്നെ നമ്മള്‍ ധരിക്കണമെന്നു വന്നാല്‍ കഷ്ടം തന്നെയാണ്, കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന എല്ലാ പരീക്ഷകളും മലയാളത്തിലാക്കണം .

' അമ്മേ മലയാളമേ -എന്റെ
ജന്മസംഗീതമേ
കര്‍മ്മധര്‍മ്മങ്ങള്‍ തന്‍ പാഠം പഠിപ്പിച്ച
പുണ്യവിദ്യാലയമേ --ധ്യാന
ധന്യ കാവ്യാലയമേ ......'

Content Highlights: Sreekumaran Thampi Facebook post on Kerala Public service examination, Malayalam language