ലയാള സിനിമയില്‍ വര്‍ഗീയതയുണ്ടെന്നു പറഞ്ഞാല്‍ താന്‍ അതിനെ എതിര്‍ക്കുമെന്ന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബിനീഷ് ബാസ്റ്റിന്‍-അനില്‍ രാധാകൃഷ്ണ മേനോന്‍ വിഷയത്തെ മുന്‍നിര്‍ത്തി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ശ്രീകുമാരന്‍ തമ്പി തന്റെ നിലപാട് വ്യക്തമാക്കിയത്. 

പേരിന്റെ കൂടെ മേനോന്‍, പിള്ള, നായര്‍ എന്നൊക്കെയുള്ളവര്‍ വര്‍ഗീയവാദികള്‍ ആണെങ്കില്‍ സത്യന്‍, പ്രേംനസീര്‍, യേശുദാസ് മുതലായവര്‍ മലയാളസിനിമയില്‍ ഔന്നത്യത്തില്‍ എത്തുമായിരുന്നില്ല, മുസ്ലീങ്ങള്‍ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തിയത്, ക്രിസ്ത്യാനികള്‍ മാത്രം സഹായിച്ചതു കൊണ്ടാണോ യേശുദാസ് ഗാനഗന്ധര്‍വനായാത്, ശ്രീകുമാരന്‍ തമ്പി ചോദിക്കുന്നു.

ശ്രീകുമാരന്‍ തമ്പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

മലയാള സിനിമയില്‍ വര്‍ഗ്ഗീയതയുണ്ടെന്നു പറഞ്ഞാല്‍ ഞാന്‍ എതിര്‍ക്കും . പേരിന്റെ കൂടെ മേനോന്‍ , പിള്ള , നായര്‍ എന്നൊക്കെയുള്ളവര്‍ വര്‍ഗ്ഗീയ വാദികള്‍ ആണെങ്കില്‍ സത്യന്‍ , പ്രേംനസീര്‍ , യേശുദാസ് മുതലായവര്‍ മലയാളസിനിമയില്‍ ഔന്നത്യത്തില്‍ എത്തുമായിരുന്നില്ല. .

മുസ്ലിങ്ങള്‍ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തിയത് ? ക്രിസ്ത്യാനികള്‍ മാത്രം സഹായിച്ചതു കൊണ്ടാണോ യേശുദാസ് ഗാനഗന്ധര്‍വ്വനായത് ? ജാതിയും മതവുമല്ല , പ്രതിഭയും അര്‍പ്പണബോധവുമാണ് പ്രധാനം . ഇതു രണ്ടുമില്ലാത്തവര്‍ വേഷം കെട്ടിയതുകൊണ്ടോ നാടകം കളിച്ചതു കൊണ്ടോ ഒന്നും നേടാന്‍ പോകുന്നില്ല.

മനുഷ്യനെ അറിയുക ; മനുഷ്യത്വത്തില്‍ വിശ്വസിക്കുക. സ്വന്തം കഴിവില്‍ ഉത്തമ ബോധ്യമുണ്ടായിരിക്കുക ! ചുളുവില്‍ പ്രശസ്തി നേടാന്‍ ശ്രമിക്കുന്നവര്‍ക്ക് താല്‍ക്കാലിക ലാഭം കിട്ടിയേക്കാം. ഉള്ളു പൊള്ളയാണെന്നറിയുമ്പോള്‍ ഇപ്പോള്‍ തലയിലേറ്റുന്നവര്‍ തന്നെ താഴെയിട്ടു ചവിട്ടും ....

Sreekumaran Thampi

Content Highlights : Sreekumaran Thampi On Bineesh bastin Anil Radhakrishna Menon Issue