മാര്‍ച്ച് 22ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ശ്രീകുമാരന്‍ തമ്പി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഗാനരചയിതാവ് തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്തതില്‍ സന്തോഷം തോന്നുന്നുവെന്നും കൊറോണ എന്ന മഹാമാരിക്കെതിരെ പോരാടാന്‍ കര്‍ഫ്യൂ അനുഷ്ടിക്കണമെന്നും അദ്ദേഹം പറയുന്നു. അതേ സമയം ഇപ്പോഴും രാഷ്ട്രീയകലഹങ്ങള്‍ നടത്തുന്ന ദോഷൈകദൃക്കുകളെ സാമൂഹികമാധ്യമങ്ങളില്‍ കാണാനുണ്ടൈന്നും ലോകം മുഴുവന്‍ ജാഗ്രതയില്‍ കഴിയുന്ന ഈ സമയത്തെങ്കിലും സോഷ്യല്‍മീഡിയയില്‍ മാലിന്യവുമായി വരരുതെന്നും അദ്ദേഹം പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് മാര്‍ച്ച് ഇരുപത്തിരണ്ട് ഞായറാഴ്ച നടക്കാനിരിക്കുന്ന ' ജനതാ കര്‍ഫ്യു' വിനു പൂര്‍ണ്ണ പിന്‍തുണ പ്രഖ്യാപിച്ച ആദരണീയനായ നമ്മുടെ മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍ .. രാഷ്ട്രത്തെ ഒന്നടങ്കം ബാധിക്കുന്ന ദുരന്തത്തെ നേരിടാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണം. നമ്മള്‍ കര്‍ഫ്യു അനുഷ്ഠിക്കുന്നത് കൊറോണ എന്ന മഹാമാരിക്കെതിരെയാണ്.അന്നേ ദിവസം എല്ലാവരും പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ തങ്ങി വീടിന്റെ അകവും പുറവും വൃത്തിയാക്കണമെന്നും മുഖ്യമന്ത്രി ഉപദേശിച്ചിട്ടുണ്ട്. ' ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം ' എന്ന മട്ടില്‍ എന്തിലും രാഷ്ട്രീയവൈരം കലര്‍ത്തുന്ന ദോഷൈകദൃക്കുകള്‍ ഈ അത്യാപത്തിന്റെ സമയത്തെങ്കിലും നിശ്ശബ്ദരാകണമെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ മാലിന്യം വിളമ്പരുതെന്നും അപേക്ഷിക്കുന്നു.

Content Highlights : sreekumaran thampi facebook post supporting janta curfew corona virus