തന്റെ പേരില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ശ്രീകുമാരന്‍ തമ്പി. വേഷം മാറി യുവതി ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട് ശ്രീകുമാരന്‍ തമ്പി ഒരു ഫെയസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.

ആള്‍മാറാട്ടം നടത്തി യുവതി ദര്‍ശനം നടത്തിയെങ്കില്‍ കേസെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ ചുവടുപിടിച്ചാണ് വ്യാജ പ്രചരണങ്ങള്‍ മെനഞ്ഞിരിക്കുന്നത്. ഇതാണ് ശ്രീകുമാരന്‍ തമ്പിയെ ചൊടിപ്പിച്ചിരിക്കുന്നത്.

ശ്രീകുമാരന്‍ തമ്പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

'ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ ഒരു വാചകത്തോട് കൂട്ടിയൊട്ടിച്ച് നുണപ്രചാരണം നടത്തുന്നരീതി സംഘികള്‍ അവസാനിപ്പിക്കണം .ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം ?.എന്റെ ഫെയ്‌സ്ബുക് പോസ്റ്റില്‍ പിണറായി എന്ന പേരോ കേരളസര്‍ക്കാര്‍ എന്ന വാക്കോ ഞാന്‍പറഞ്ഞിട്ടില്ല. മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെക്കൂടി നശിപ്പിച്ചു ഇവര്‍ എന്തു നേടാന്‍ പോകുന്നു? ഒരു കാര്യം സംഘികള്‍ ഓര്‍ത്തിരിക്കണം കേരളത്തില്‍ ബംഗാളും ത്രിപുരയും ആവര്‍ത്തിക്കാമെന്നു നിങ്ങള്‍ സ്വപ്നം കാണണ്ട .നിങ്ങള്‍ എത്ര കൂകി വിളിച്ചാലും മലയാളികള്‍ അങ്ങനെ മാറാന്‍ പോകുന്നില്ല. എല്ലാവരും ഓര്‍ത്തിരിക്കേണ്ട ഒരു സത്യമുണ്ട് . സനാതനധര്‍മ്മം തെമ്മാടിത്തവും നുണ പ്രചാരണവുമല്ല. പ്രിയ സുഹൃത്തുക്കളോട് ഞാന്‍ ആവര്‍ത്തിക്കട്ടെ. മേക്കപ്പിട്ടു ക്ഷേത്രത്തില്‍ കയറിയതിനെ മാത്രമേ ഞാന്‍ എതിര്‍ത്തിട്ടുള്ളൂ.' 

വേഷംമാറി യുവതി പ്രവേശിച്ചതിനെ എതിര്‍ത്തുകൊണ്ടുള്ള പോസ്റ്റ്

നവോത്ഥാനം അത്യന്താപേക്ഷിതമാണ്. സ്ത്രീപുരുഷസമത്വം അനുപേക്ഷണീയമാണ്. കാലം മാറുന്നതനുസരിച്ച് എല്ലാ ആചാരങ്ങളിലും മാറ്റമുണ്ടാകും; ഉണ്ടാകണം. പക്ഷേ'ഒളിസേവ' പാടില്ല; പ്രത്യേകിച്ചും ദേവാലയത്തില്‍. മേക്കപ്പ് ചെയ്ത് വൃദ്ധയായി രൂപം മാറ്റി ഒരു സ്ത്രീ ശബരിമല ക്ഷേത്രത്തില്‍ കടന്നിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കേസെടുത്തേ മതിയാകൂ. അമ്പലം നാടകവേദിയല്ലല്ലോ. ആള്‍മാറാട്ടം ക്രിമിനല്‍ കുറ്റമാണ്.

Content Highlights: Sreekumaran Thampi against fake post on sabarimala issue, criticizing sanghparivaar, women entry