സിനിമ പിടിക്കാനായി താരങ്ങളുടെ കാല് പിടിക്കാൻ വയ്യെന്ന് ​കവിയും സംവിധായകനും ​ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. ജനുവരി ആദ്യ ലക്കം ​ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീകുമാരൻ തമ്പി നിലപാട് വ്യക്തമാക്കിയത്.

"അപമാനം സഹിച്ച് സദ്യ ഉണ്ണുന്നതിനേക്കാൾ അഭിമാനത്തോടെ കഞ്ഞി കുടിക്കുന്നതാണ് ശ്രീകുമാരൻ തമ്പിക്ക് ഇഷ്ടം. അതുകൊണ്ടാണ് മമ്മൂട്ടിയും മോഹൻലാലും വലിയ താരങ്ങളായപ്പോൾ കോൾഷീറ്റ് ചോദിച്ച് അവരുടെ പിറകേ പോകാത്തത്. സിനിമ പിടിക്കാനായി താരങ്ങളുടെ കാലുപിടിക്കാൻ വയ്യ.

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും വഴിയിൽ തന്നെയാണ് പുതിയ സൂപ്പർതാരങ്ങളും. അവരും സ്വന്തം സിനിമയിൽ സംവിധായകരേക്കാൾ മുകളിൽ നിൽക്കാൻ താത്പര്യപ്പെടുന്നവരാണ്. ക്യാമറാ ആം​ഗിളുകൾ തീരുമാനിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സൂപ്പർതാരങ്ങളായ പൃഥ്വിരാജും നിവിൻ പോളിയുമൊന്നും എനിക്ക് ‍‍ഡേറ്റ് തരില്ല.

Grihalakshmi
ഗൃഹലക്ഷ്മി വാങ്ങാം

ഞാൻ ഇനിയൊരു സിനിമ ചെയ്യുന്നുണ്ടെങ്കിൽ അത് ഓൺലൈൻ പ്ലാറ്റ്ഫോമിലാകും റിലീസ് ചെയ്യുക. അതായിരിക്കും എന്റെ അവസാന ചിത്രം. പുതിയൊരു സിനിമ ചെയ്യുമ്പോൾ ഇപ്പോഴത്തെ സ്റ്റാറുകളൊന്നും ഡേറ്റ് തരില്ലെന്നുറപ്പാണ്. അതിന് മെനക്കെടുന്നുമില്ല. പുതിയൊരാളെ വച്ച് സിനിമ ചെയ്യും. അപ്പോഴും പ്രശ്നമുണ്ട്. താരമൂല്യം തിയ്യറ്റർ സിനിമയ്ക്ക് മാത്രമല്ല ഓൺലൈൻ പ്ലാറ്റ്ഫോമിനുമുണ്ട്. ഓ.ടി.ടിയിൽ പടം വിൽക്കണമെങ്കിൽ താരം വേണ്ടേ... ഫഹദ് ഉണ്ടായത് കൊണ്ടല്ലേ സീ യൂ സൂൺ വിറ്റു പോയത്. അപ്പോൾ‌ വെല്ലുവിളികളുണ്ടാവും. എങ്കിലും സിനിമ ചെയ്യും". 

ശ്രീകുമാരൻ തമ്പിയുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ജനുവരി ആദ്യലക്കം ​ഗൃഹലക്ഷ്മിയിൽ വായിക്കാം

Content Highlights: Sreekumaran Thampi About New Movie Superstars OTT Release