അന്തരിച്ച നടി ഗീതാഞ്ജലി രാമകൃഷ്ണയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ശ്രീകുമാരന്‍ തമ്പി. താന്‍ ആദ്യമായി ഗാനങ്ങള്‍ എഴുതിയ നീലാ പ്രൊഡക്ഷന്‌സിന്റെ (മെറിലാന്‍ഡ് ) കാട്ടുമല്ലിക എന്ന സിനിമയിലെ നായികയാണ് ഗീതാഞ്ജലിയെന്നും തന്റെ വരികള്‍ക്ക് ആദ്യമായി ചുണ്ടനക്കിയ നടി എന്ന നിലയില്‍ തനിക്ക് അവരോട് കടപ്പാടുണ്ടെന്നും ശ്രീകുമാരന്‍ തമ്പി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ശ്രീകുമാരന്‍ തമ്പിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് 

കാട്ടുമല്ലിക വിട പറഞ്ഞു*
ഞാന്‍ ആദ്യമായി ഗാനങ്ങള്‍ എഴുതിയ നീലാ പ്രൊഡക്ഷന്‌സിന്റെ (മെറിലാന്‍ഡ് ) കാട്ടുമല്ലിക എന്ന സിനിമയിലെ നായിക ഗീതാഞ്ജലി അന്തരിച്ചു. എന്റെ വരികള്‍ക്ക് ആദ്യമായി ചുണ്ടനക്കിയ നടി എന്ന നിലയില്‍ എനിക്ക് അവരോട് കടപ്പാടുണ്ട് തമിഴിലെ ആക്ഷന്‍ ഹീറോ ആനന്ദന്‍ ആയിരുന്നു നായകന്‍. ഇതേ സിനിമയില്‍ ഉപനായികയായി അഭിനയിച്ചത് വാണിശ്രീ എന്ന നടിയായിരുന്നു . വാണിശ്രീ പില്‍ക്കാലത്തു വലിയ നടിയായി വസന്ത മാളിക എന്ന തമിഴ് ചിത്രത്തില്‍ ശിവാജിഗണേശന്റെ നായികയായി .

തെലുങ്കില്‍ നാഗേശ്വര റാവുവിന്റെയും എന്‍.ടി. രാമറാവുവിന്റെയും കൃഷ്ണയുടെയും ശോഭന്‍ ബാബുവിന്റെയും നായികയായി . നിര്‍ഭാഗ്യവശാല്‍ ഗീതാഞ്ജലി ക്രമേണ തെലുങ്കു സിനിമയില്‍ ഹാസ്യനടിയായി ഒതുങ്ങി . നടന്‍ രാമകൃഷ്ണയുടെ ഭാര്യയായി . അദ്ദേഹം മെറിലാന്‍ഡ് നിര്‍മ്മിച്ച നഴ്‌സ് തുടങ്ങിയ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് . ഗീതാഞ്ജലിയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു .

Sreekumaran Thampi

ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച്ചയാണ് ഗീതാഞ്ജലി രാമകൃഷ്ണ അന്തരിച്ചത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.1961ല്‍ പുറത്തിറങ്ങിയ തെലുഗു ചിത്രം സീതാരാമ കല്യാണത്തിലൂടെയാണ് ഗീതാഞ്ജലി വെള്ളിത്തിരയിലേക്ക് എത്തിയത്. കാട്ടുമല്ലിക, സ്വപ്‌നങ്ങള്‍, മധുവിധു എന്നിവയാണ് ഗീതാഞ്ജലി വേഷമിട്ട മലയാള ചിത്രങ്ങള്‍.  അന്തരിച്ച പ്രമുഖ തെലുങ്ക് താരം രാമകൃഷ്ണയാണ് ഗീതാഞ്ജലിയുടെ ഭര്‍ത്താവ്. 

ഏറെ നാളായി സിനിമയില്‍ നിന്ന് വിട്ടു നിന്നിരുന്ന ഗീതാഞ്ജലി, തമന്ന നായികയായെത്തുന്ന ദാറ്റ് ഈസ് മഹാലക്ഷ്മി എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

Content Highlights : sreekumaran Thambi About Late actress Geethanjali Ramakrishna