എം ടിയുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കി പുറത്തിറങ്ങുന്ന രണ്ടാമൂഴമെന്ന ബ്രഹ്മാണ്ഡ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്കു വിരാമമിട്ടു കൊണ്ട് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്ത്. രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ നല്‍കണമെന്ന് എം ടി വാസുദേവന്‍ നായര്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് എംടിയെ നേരില്‍ കണ്ട് സംസാരിച്ചുവെന്നും കാര്യങ്ങള്‍ ബോധിപ്പിച്ചുവെന്നും സംവിധായകന്‍  മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

എം.ടി വാസുദേവന്‍ നായരുമായി കൂടിക്കാഴ്ച്ച നടത്തി. ഞായറാഴ്ച്ച രാത്രിയാണ് അദ്ദേഹത്തെ വീട്ടില്‍ പോയി കണ്ടത്. രണ്ടാമൂഴം സിനിമയാക്കുന്നതുമായി സംബന്ധിച്ച് എംടിക്കുണ്ടായിരുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ കഴിഞ്ഞു. സിനിമയുടെ പുരോഗതി അറിയിച്ചു. കൂടിക്കാഴ്ച്ചയില്‍ എംടിക്കു അനുകൂല സമീപനമാണുണ്ടായിരുന്നത്. എല്ലാം വളരെ ക്ഷമയോടെ കേട്ടു. വളരെ സ്‌നേഹപൂര്‍വമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം.  ചിത്രത്തിന്റെ പ്രി പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു വരികയാണ്. ആറു മാസത്തിനകം ഷൂട്ടിംഗ് തുടങ്ങും. നേരത്തെ നിശ്ചയിച്ച പോലെ 2020 ഡിസംബറില്‍ തന്നെ ചിത്രം റിലീസ് ചെയ്യാനാകും. ആശങ്കകള്‍ക്കു ഇനി വകയില്ലെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 11നാണ് എംടി രംഗത്ത് വന്നത്. ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ച് കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഇത് ബന്ധപ്പെട്ടു ഹര്‍ജിയും നല്‍കിയിരുന്നു. അഡ്വാന്‍സ് പണം തിരികെ കൊടുക്കാന്‍ തയ്യാറാണെന്നും എംടി അറിയിച്ചിരുന്നു. ആ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ശ്രീകുമാര്‍ മേനോനും എംടിയുമായുള്ള കൂടിക്കാഴ്ച.