ഒരു ചിത്രത്തിന്റെ റിലീസ് ദിവസം ഹര്‍ത്താല്‍ വെച്ച പാര്‍ട്ടിക്ക് തെറിവിളി കേള്‍ക്കേണ്ടി വന്നിട്ടുള്ളത് ഒരു പക്ഷേ മലയാളത്തില്‍ ഇതാദ്യമായിട്ടായിരിക്കും. അത്രയ്ക്കും പ്രതീക്ഷയോടെയാണ് മോഹന്‍ലാല്‍ ചിത്രം ഒടിയനെ ഏവരും കാത്തിരുന്നത്. വമ്പന്‍ പ്രമോഷനുകളും ഹൈപ്പും നിലനിര്‍ത്തിയായിരുന്നു ചിത്രത്തിന്റെ റിലീസ്. എന്നാല്‍ ചിത്രം പ്രക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയ ചീറ്റിയ പടക്കമാണെന്നാണ്‌ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഹര്‍ത്താല്‍ ദിനത്തില്‍ കഷ്ടപ്പെട്ട് തിയേറ്ററില്‍ എത്തിയ ആരാധകര്‍ സംവിധായകനായ ശ്രീകുമാര്‍ മോനോനെ ട്രോളി കൊന്നു കൊണ്ടിരിക്കുകയാണ്.

പക്ഷേ ഇതൊന്നും ശ്രീകുമാര്‍ മേനോനെ തെല്ലും ബാധിച്ച മട്ടില്ല. ചിത്രം കുടുംബ പ്രേക്ഷകരെ തൃപ്തിപെടുത്തുമെന്നാണ്‌ ശ്രീകുമാര്‍ മേനോന്റെ പക്ഷം. സിനിമയെ കുറിച്ച് ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ആദ്യത്തോ ഷോ കണ്ടിരുന്നു. നാലര മണിക്ക് കവിത തീയറ്ററില്‍ വെച്ചാണ് കണ്ടത്. വളരെ ഹൈപ്പോടെ റിലീസായ പടത്തിനുള്ള ആരവം  കാണാനായി. ആളുകളുടെ മുഖഭാവങ്ങളും ശരീരഭാഷയുമാണ് ഞാന്‍ ആ സമയത്ത് ശ്രദ്ധിച്ചത്. എവിടെയൊക്കെ ആളുകള്‍ക്ക് ബോറടിക്കുന്നുണ്ടാവുമെന്നുമൊക്കെ നമുക്ക് അറിയാമല്ലോ.  

ഒരു ടിപ്പിക്കല്‍ മാസ് ആക്ഷന്‍ സിനിമ എന്റര്‍ടെയ്‌നറിനായി പോയവര്‍, കുറച്ചുപേര്‍ നിരാശപ്പെട്ട കമന്റുകളൊക്കെ ഫേയ്‌സ്ബുക്കിലും സാമൂഹ്യമാധ്യമങ്ങളിലും പറയുന്നുണ്ട്. അങ്ങനെ പോയിട്ട് നിരാശപ്പെട്ടവരോട് എനിക്ക് ഒന്നും പറയാനില്ല. കാരണം അവര്‍ക്ക്, അത് ന്യായമാണ്. പക്ഷേ കണ്ടിറങ്ങിയ ആള്‍ക്കാരുടെ പ്രതികരണങ്ങളില്‍ നിന്നും സിനിമ കാണുമ്പോഴുള്ള ആള്‍ക്കാരുടെ, ഞാന്‍ കണ്ട പ്രതികരണങ്ങളില്‍ നിന്നും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് ഒരുപാട് ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു സിനിമയാണിതെന്നാണ്. ശ്രീകുമാര്‍ മേനോന്‍ പറയുന്നു

ഒടിയന്റെ ഒടിവിദ്യയുടെ മാജിക്കിനെക്കാളും ഒടിയന്റെ ജീവിത യാത്രയാണ് സിനിമ. ഒടിയനെന്ന പച്ചയായ മനുഷ്യനെക്കുറിച്ചുള്ള സിനിമയാണിത്. ലാലേട്ടന്റെ എന്‍ട്രി കഴിഞ്ഞാല്‍ പിന്നെ ഇമോഷണല്‍ ജേര്‍ണിയാണ്. അവിടെ കണ്ട ബഹുഭൂരിപക്ഷം ആള്‍ക്കാരും ഈ ഇമോഷണല്‍ ജേണിയുടെ കൂടെ നടന്നുതുടങ്ങിയിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. കുടുംബപ്രേക്ഷകര്‍ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. പഴയ ലാലേട്ടന്റെ ക്യൂട്ട്‌നസ്, വൈബ്രന്റായ അഭിനയ ശൈലി, കുസൃതിയുള്ള ലാലേട്ടന്‍, മഞ്ജു വാര്യരുടെ പഴയ സിനിമകളിലെ ചടുലതയുമൊക്കെ ഒടിയനില്‍ കാണാം. ഇതൊക്കെ അഭിപ്രായങ്ങളാണ്. ആകെ നോക്കുമ്പോള്‍ എനിക്ക് തോന്നുന്നത്, കുടുംബപ്രേക്ഷകര്‍ വീണ്ടും വീണ്ടും തീയേറ്ററിലേക്ക് വരും എന്നാണ്. സംവിധായകനെന്ന നിലയില്‍ വളരെയധികം സംതൃപ്തനാണ്''. ശ്രീകുമാര്‍ മേനോന്‍ പറയുന്നു

Content Highlights: Sreekumar menon about odiyan thaetre response, odiyan trolls, mohanlal, odiyan malayalam movie, manju warrior