ഒടിയന്‍ സിനിമയ്‌ക്കെതിരെ നടക്കുന്ന ആക്രമണത്തിനെതിരെ പ്രതികരണവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്ത്‌. മറ്റൊരു പുലിമുരുകന്‍ ഉണ്ടാക്കാനല്ല താന്‍ വന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യത്തിലധികം പ്രമോഷന്‍ നല്‍കിയത് സിനിമയെ നെഗറ്റീവായി ബാധിച്ചുവെന്നായിരുന്നു പ്രചരണം.

''ഒരുപാട് അന്യഭാഷ ചിത്രങ്ങള്‍ കേരളത്തില്‍ കോടി നേടി പോവുന്നുണ്ട്. എന്നാല്‍ മലയാള സിനിമകള്‍ പുറത്ത് നേടുന്നത് പരമാവധി 80 ലക്ഷമോ 90 ലക്ഷമോ മാത്രമാണ്. സിനിമയെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനാണ് ഞാന്‍ ശ്രമിച്ചത്. അതില്‍ ഫലം കാണുകയും ചെന്നെ, മുബൈ എന്നിവിടങ്ങളിലെ പ്രധാന തിയ്യറ്ററുകളിലാണ് ഒടിയന്‍ പ്രദര്‍ശിപ്പിച്ചത്. കേരളത്തിന് പുറത്തുള്ള വിപണി ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രചാരണമാണ് നടത്തിയത്. റെക്കോഡ് നേട്ടമാണ് കേരളത്തിന് പുറത്ത് ഒടിയന്‍ നേടിയത്.''- ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

പുലിമുരുകന്‍ പോലെ ഒരു മാസ്സ് അല്ല ഒടിയനെന്ന് പലരും കുറ്റപ്പെടുത്തി. എന്നാല്‍ മറ്റൊരു പുലിമുരുകന്‍ ഉണ്ടാകാനല്ല ഞാന്‍ വന്നത്. എന്റെ കാഴ്ച്ചപാടിലെ മാസ് ചിത്രമാണ് ഒടിയന്‍.

പൊടി പറത്തി വരുന്ന അതിമാനുഷികനായ ലാലേട്ടനെ കാണിക്കാമായിരുന്നു. പക്ഷേ ഇതിലെ കഥാപാത്രം സാധാരണ മനുഷ്യനാണ് ശ്രീകുമാര്‍ മേനോന്‍ പറയുന്നു. തനിക്കെതിരെ ഉയരുന്നത് വ്യക്തിപരമായ ആക്രമണങ്ങളാണെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു. 

ഒടിയനെതിരായുള്ള ആക്രമണത്തിനു പിന്നില്‍ മഞ്ജുവാര്യരോടുള്ള ശത്രുതയാണെന്ന്‌ ശ്രീകുമാര്‍ മേനോന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

Content highlights: sreekumar menon press meet, mohanlal, odiyan, odiyan and pulimurugan, manjuwarrier odiyan, mohanlal