കൊച്ചി: തനിക്കെതിരായുള്ള സോഷ്യല്‍ മീഡിയ ആക്രമണത്തിന് കാരണം ചിലർക്ക് മഞ്ജു വാര്യരോടുള്ള ശത്രുതയാണെന്ന് ഒടിയന്‍ സിനിമയുടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ഒടിയന്‍ സിനിമയുടെ പേരില്‍ തനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളുടെ ഉറവിടത്തേക്കുറിച്ച് സൂചനകള്‍ നല്‍കുന്നതാണ് ശ്രീകുമാര്‍ മേനോന്റെ വെളിപ്പെടുത്തല്‍. പരസ്യചിത്രങ്ങളിലൂടെ മഞ്ജുവാര്യരുടെ തിരിച്ച് വരവിന് അവസരമൊരുക്കിയത് മുതലാണ് തനിക്കെതിരായുള്ള ആക്രമണങ്ങള്‍ തുടങ്ങിയത്.അതിന്റെ ക്ലൈമാക്‌സാണ് ഒടിയനില്‍ എത്തി നില്‍ക്കുന്നതെന്ന് ശ്രീകുമാര്‍ മേനോന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

വിവാദങ്ങളോട് മഞ്ജു മറുപടി പറയണമെന്നും ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെട്ടു. ഒടിയന്‍ സിനിമയെ തകര്‍ക്കാന്‍ പിആര്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും. മോഹന്‍ലാല്‍ ആരാധകരില്‍ ചിലര്‍ ഇവരുടെ കെണിയില്‍ വീണെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

വിവാദങ്ങളോട് അഭിപ്രായം പറയാന്‍ മഞ്ജു വാര്യര്‍ ബാധ്യസ്ഥയാണ്. കാരണം ഇങ്ങനെയുള്ള പേഴ്സണല്‍ അറ്റാക്കിന് അവര്‍ കൂടി കാരണമാണ്. അവരുടെ ബ്രാന്‍ഡിങ്ങിനും വളര്‍ച്ചയ്ക്കും പ്രൊഫഷണലായി കൂടെ നിന്നൊരാളാണ് ഞാന്‍. അവര്‍ ഇപ്പോള്‍ കാണുന്ന ബ്രാന്‍ഡഡ് മഞ്ജു വാര്യര്‍ എന്ന പരിവര്‍ത്തനം നടത്തിയത് എന്നില്‍ കൂടെയാണ്. അല്ലെങ്കില്‍ എന്റെ കമ്പനിയില്‍ കൂടെയാണ്. മഞ്ജു വാര്യരെ ഞാന്‍ എന്ന് സഹായിക്കാന്‍ തുടങ്ങിയോ അന്ന് മുതലാണ് ഇതൊക്കെ രൂക്ഷമായതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന വിഷയമാണ്. അതു കൊണ്ട് ഇക്കാര്യത്തില്‍ മഞ്ജു പ്രതികരിക്കുമെന്നാണ് എന്റെ വിശ്വാസം. ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

വലിയ രീതിയിലുള്ള സംഘടിതമായ ആക്രമണമാണിത്. മഞ്ജുവിന്റെ രണ്ടാം വരവിന് അവസരമൊരുക്കിയതിന്റെ ഫലം. ഫാന്‍സുകള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെയും അദ്ദേഹം രൂക്ഷമായി വിമര്‍ശനം നടത്തുന്നുണ്ട്.

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത മോഹൻലാൽ സിനിമ ഒടിയൻ‌ റിലീസായതോടെയാണ് ശ്രീകുമാർ മേനോനെതിരെ സോഷ്യൽ മീഡിയയിൽ ആക്രമണം രൂക്ഷമായത്. 

Content Highlights: Sreekumar menon about manjuwarrier, sreekumar opens about odiyan movie controversy, manju warrier, mohanlal, odiyan movie review, odiyan and manju warrier