മൂഹത്തിലെ വിവേചനങ്ങള്‍ക്കെതിരേയും ലഹരി ഉപയോഗത്തിനെതിരേയും പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നതിനെതിരേയും ഹ്രസ്വചിത്രങ്ങളൊരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് ശ്രീഹരി രാജേഷ് എന്ന പതിനഞ്ചുകാരന്‍. കൊച്ചി സ്വദേശിയായ ശ്രീഹരി ഒരു ഫീച്ചര്‍ സിനിമ ഒരുക്കുകയാണിപ്പോള്‍. സ്ഥായി എന്ന ഹ്രസ്വചിത്രം സമൂഹ്യ അസമത്വങ്ങള്‍ക്കെതിരേയാണ് സംസാരിക്കുന്നത്. ഒരു യുവാവിന്റെ ജീവിതം ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്. സീറോ ബജറ്റ് സിനിമ എന്ന ലേബലിലാണ് ചിത്രം പുറത്തിറങ്ങുന്നത്. 70 മിനിറ്റോളം ദൈര്‍ഖ്യമുള്ള ഈ ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചതും സംവിധാനം ശ്രീഹരി തന്നെയാണ്.

2018-ല്‍ 'പുക-ദി കില്ലിംഗ് സ്മോക്ക്' എന്ന ഹ്രസ്വചിത്രം ചെയ്താണ് ശ്രീഹരി ശ്രദ്ധനേടുന്നത്. കുട്ടികളുടെ ലഹരി ഉപയോഗത്തിന് എതിരെ സംസാരിക്കുന്ന ചിത്രം ഐ.ജി. പി.വിജയന്‍ ആണ് റിലീസ് ചെയ്തത്. എസ്.പി.സി. ക്യാമ്പുകളിലും പോലീസ് പരിശീലന കേന്ദ്രങ്ങളിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നുവെന്ന് ശീഹരി പറയുന്നു.  കൂടാതെ യൂണിസെഫിന്റെ ഏതാനും പദ്ധതികളിലേക്ക് ചിത്രം തിരഞ്ഞെടുത്തിരുന്നു. 

ആഗോളതാപനം എങ്ങനെ കടലിനെ ബാധിക്കുന്നു എന്ന വിഷയത്തെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയാണ്‌ പിന്നീട് സംവിധാനം ചെയ്തത്. സൈലന്റ് റോഡ്‌സ് എന്ന ഹ്രസ്വചിത്രവും ചെയ്തു. 

ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ പി.വിജയന്‍ നേതൃത്വം നല്‍കിയ നന്മ ഫൗണ്ടേഷന്റെ വളന്റിയറായി പ്രവര്‍ത്തിച്ചിരുന്നു.  തന്റെ അച്ഛനോടൊപ്പം തെരുവോരങ്ങളിലുള്ളവര്‍ക്ക് ഭക്ഷണം നല്‍കാന്‍ കൊച്ചി നഗരത്തിലെത്തിയപ്പോഴാണ് സൈലന്റ് റോഡ്‌സിന്റെ ആശയം മനസ്സിലുദിച്ചതെന്ന് ശീഹരി പറയുന്നു.

സൈലന്റ് റോഡ്‌സ് ചെയ്യുന്ന സമയത്താണ് ഫോര്‍ട്ട് കൊച്ചിയില്‍ വച്ച് ചാള്‍സ് എന്നൊരാളെ അപ്രതീക്ഷിതമായി കണ്ടത്.  24 വര്‍ഷങ്ങളായി തുടര്‍ച്ചയായി തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്ന അദ്ദേഹത്തെ കുറിച്ച് ഒരു ഹ്രസ്വചിത്രം ചെയ്തു. ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികള്‍ക്ക് ഉണ്ടാകുന്ന മാനസികാവസ്ഥ കൂട്ടില്‍ കിടക്കുന്ന കിളികള്‍ ആയി ബന്ധപ്പെടുത്തി 'ഹച്ച്' എന്നൊരു ഹ്രസ്വചിത്രം കൂടി ചെയ്തിരുന്നു. ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്റെ ആരാധകനാണ്‌ ശ്രീഹരി. 1998-ല്‍ കുറഞ്ഞ ബജറ്റില്‍ അദ്ദേഹം ഫോളോവിങ് എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. അതാണ് സ്ഥായി ഒരുക്കാന്‍ തനിക്ക് പ്രചോദനമായതെന്ന് ശ്രീഹരി പറയുന്നു.

Content Highlights: Sreehari Rajesh 15 year old director to make a feature Film Sthaayi