അന്തരിച്ച നടി ശ്രീദേവിയുടെ അന്‍പത്തിയഞ്ചാം ജന്മദിനമാണ് ഓഗസ്‌റ് പതിമൂന്നിന്. ശ്രീദേവിയില്ലാത്ത ഈ ജന്മദിനത്തില്‍ ശ്രീയുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് കുടുംബവും സുഹൃത്തുക്കളും.
അമ്മയുടെ ഒപ്പമുള്ള പഴയ ഒരമ്മച്ചിത്രമാണ് ജാന്വി കപൂര്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നതു. പുഞ്ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ശ്രീദേവിയും കുഞ്ഞു ജാന്‍വിയും ബോണി കപൂറുമാണ് ചിത്രത്തില്‍ ഉള്ളത്. ജാന്‍വി ചിത്രം പങ്കുവച്ചതിന്റെ തൊട്ടുപിന്നാലെ ശ്രീദേവിയുടെ അടുത്ത സുഹൃത്തുക്കളും ആരാധകരും തങ്ങളുടെ ആശംസകള്‍ അറിയിക്കുകയും ശ്രീദേവിയെ ഓര്‍ക്കുകയും ചെയ്തു.
ശ്രീദേവി വെറും ഹീറോ അല്ല ഒരു ഇതിഹാസമാണെന്നാണ് ഭര്‍ത്താവ് നിര്‍മാതാവുമായ ബോണി കപൂറിന് ശ്രീയുടെ ഈ ജന്മദിനത്തില്‍ പറയാനുള്ളത്.
ഇതിഹാസങ്ങള്‍ ഒരിക്കലും മരിക്കുകയില്ല. ശ്രീയുടെ ഓര്‍മകള്‍ എന്നും എല്ലായ്‌പ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ട്- ബോണി കപൂര്‍ പറഞ്ഞു.
മുംബൈയിലെ ബാദ്രയില്‍ ചാപ്പല്‍റോഡില്‍ ശ്രീദേവിയുടെ 18 അടി വലിപ്പമുള്ള ഒരു ചുമര്‍ ചിത്രം ഒരുങ്ങുന്നുണ്ട്. രഞ്ജിത്ത് ദാഹിയയാണ് ഈ പ്രൊജക്ടിന് നേതൃത്വം വഹിക്കുന്നത്. പത്തോളം ആര്‍ട്ടിസ്റ്റുകള്‍ ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്.
ശ്രീദേവിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് ബോണി കപൂറാണ്. വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് മനോഹരമായ ഒരു വീഡിയോ ബോണി കപൂര്‍ ആരാധകര്‍ക്കായി പങ്കുവയ്ച്ചിരുന്നു.
1963 ആഗസ്റ്റ് 13 ന് തമിഴ്‌നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. 1969ല്‍ തുണൈവന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ ബാലതാരമായെത്തി. ഹിന്ദി, ഉര്‍ദു, തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് ശ്രീദേവി അഭിനയിച്ചിരിക്കുന്നത്. അവസാന ചിത്രമായ മോമിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. മരണാനന്തര ബഹുമതിയായാണ് ശ്രീദേവിക്ക് പുരസ്‌കാരം നല്‍കിയത്. ഷാരൂഖ് ഖാന്‍ പ്രധാനവേഷത്തിലെത്തുന്ന സീറോയില്‍ അതിഥിവേഷത്തില്‍ എത്തുന്നുണ്ട്. ഡിസംബറിലാണ് ചിത്രം പുറത്തിറങ്ങുക.
ഫെബ്രുവരി 24 ന് ദുബായില്‍ വച്ചാണ് ശ്രീദേവി മരിച്ചത്. ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ശ്രീദേവി. ഭര്‍ത്താവ് ബോണി കപൂറും ഇളയ മകള്‍ ഖുശിയും ശ്രീദേവിക്ക് ഒപ്പമുണ്ടായിരുന്നു.