ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം. അദ്ദേഹം ചികിത്സയില്‍ കഴിയുന്ന ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ വൃത്തങ്ങള്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചതാണ് ഇക്കാര്യം. സാധ്യമായ എല്ലാ വൈദ്യസഹായവും അദ്ദേഹത്തിന് നല്‍കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

നേരിയ കോവിഡ് ലക്ഷണങ്ങളോടെ ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അന്ന് അദ്ദേഹംതന്നെ വീഡിയോ പുറത്തുവിട്ടിരുന്നു. 

ഓഗസ്റ്റ് 13 ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും വെന്റിലേറ്റര്‍ സഹായം നല്‍കുകയും ചെയ്തിരുന്നു. പ്ലാസ്മ തെറാപ്പിക്കും അദ്ദേഹം വിധേയനായിരുന്നു.

സെപ്റ്റംബര്‍ എട്ടിന് അദ്ദേഹം കോവിഡ് രോഗമുക്തി നേടി. എന്നാല്‍, ശ്വാസകോശത്തിന്റെ സ്ഥിതി മോശമായതിനാല്‍ വെന്റിലേറ്റര്‍ നീക്കിയിട്ടില്ലെന്ന് മകന്‍ എസ്.പി ചരണ്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് സെപ്റ്റംബര്‍ 19 ന് അദ്ദേഹത്തിന്റെ മകന്‍ അവകാശപ്പെട്ടിരുന്നു. അദ്ദേഹം വായിലൂടെ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയെന്നും മകന്‍ അറിയിച്ചിരുന്നു. അദ്ദേഹം അതിവേഗം ആരോഗ്യം വീണ്ടെടുക്കുകയാണെന്നും എത്രയും വേഗം ആശുപത്രി വിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എസ്.ബി ചരണ്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

MGM

Content Highlights: SPB's health condition becomes extremely critical