ചെന്നൈ : പാട്ടിന്റെ തിരക്കുകൾക്കിടയിൽ വിശ്രമം വേണ്ടിവന്നപ്പോഴൊക്കെ എസ്.പി.ബി. ഓടിയെത്തിയിരുന്നത് താമരൈപ്പാക്കത്തെ ഫാം ഹൗസിലേക്കായിരുന്നു. ഒരു വർഷംമുമ്പ് നിത്യവിശ്രമത്തിലേക്ക് മടങ്ങിയതും പ്രശാന്തസുന്ദരമായ ഈ ഫാം ഹൗസിലേക്കാണ്.

ചെന്നൈയിൽനിന്ന് 40 കിലോമീറ്ററോളം ദൂരെയുള്ള ഇവിടെ എസ്.പി.ബി.ക്ക്‌ സ്മാരകം ഉയരുകയാണ്.

ഒന്നാം ചരമവാർഷികദിനത്തിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾക്ക് കോവിഡ് തിരിച്ചടിയായെങ്കിലും അധികം വൈകാതെ പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങളും ആരാധകരും.

കോവിഡ് ബാധിച്ചതിനെത്തുടർന്ന് കഴിഞ്ഞവർഷം സെപ്റ്റംബർ 25-നായിരുന്നു എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ മരണം. ചിത ഒരുക്കുന്നതിനുപകരം അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ഫാം ഹൗസിൽ അടക്കംചെയ്യുകയായിരുന്നു. കുടുംബാംഗങ്ങളും ആരാധകർ ആരംഭിച്ച ട്രസ്റ്റും ചേർന്നാണ് സ്മാരകം നിർമിക്കുന്നത്. സ്മൃതിമണ്ഡപത്തിന്റെ നിർമാണപ്രവർത്തനങ്ങളാണിപ്പോൾ നടക്കുന്നത്.

SPB
പാരീസ് കോർണറിലെ വ്യാപാരിയായ ആനന്ദ്കുമാർ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ഒന്നാം ചരമവാർഷികദിനാചരണത്തോടനുബന്ധിച്ച് കടയ്ക്ക് മുന്നിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചപ്പോൾ

ഇതുകൂടാതെ മ്യൂസിയവും സംഗീതപരിപാടികൾ അവതരിപ്പിക്കാൻ ഓഡിറ്റോറിയവും നിർമിക്കും. സ്മൃതിമണ്ഡപത്തിന്റെ നിർമാണം രണ്ടുമാസത്തിനുള്ളിൽ തീരുമെന്ന് എസ്.പി.ബി. ഫാൻസ് ചാരിറ്റബിൾ ഫൗണ്ടേഷൻ ചുമതലക്കാർ പറഞ്ഞു. സ്മാരകത്തിന്റെ നിർമാണം നടക്കുന്നതിനാൽ ഫാം ഹൗസിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നില്ലായിരുന്നു. എന്നാൽ, എസ്.പി.ബി.യുടെ ഒന്നാം ചരമവാർഷികമായ ശനിയാഴ്ച രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ പ്രവേശനം അനുവദിച്ചിട്ടുണ്ട്.

Content Highlights : SPB death anniversary Memorial to be built at his farm house in Tamaraipakkam