മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്ത ക്ലാസിക് ചിത്രം സ്ഫടികത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാര്‍ത്ത അത്ര ആവേശത്തോടെയല്ല ആരാധകര്‍ സ്വീകരിച്ചത്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച വേഷങ്ങളില്‍ ഒന്നായ ആടുതോമയുടെ മകന്റെ കഥയുമായി സ്ഫടികത്തിനു രണ്ടാം ഭാഗം ഒരുക്കാന്‍ തയ്യാറായി മുന്നോട്ട് വന്നത് ബിജു.ജെ.കട്ടക്കല്‍ എന്ന സംവിധായകനാണ്. 'യുവേഴ്‌സ് ലവിങ്ലി'  എന്ന ചിത്രത്തിന്റെ സംവിധായകനാണ് ബിജു. സ്ഫടികം 2 ഇരുമ്പന്‍ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ആട് തോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ കഥയാണ് പറയുക എന്നും ചിത്രത്തില്‍ സില്‍ക്ക് സ്മിതയുടെ മകളായി സണ്ണി ലിയോണ്‍ എത്തുമെന്നും സംവിധായകന്‍ അറിയിച്ചിരുന്നു. 

രണ്ടാം ഭാഗത്തിനെതിരേ പ്രതിഷേധങ്ങള്‍ തുടരുമ്പോള്‍ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നതില്‍ നിന്ന് പിന്മാറില്ല എന്ന് തന്നെയാണ് സംവിധായകന്റെ നിലപാട്. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് ബിജു.
 
"അപ്പൊ കഴിഞ്ഞത് കഴിഞ്ഞു ഇനിയും ഇത് തുടര്‍ന്നാല്‍ പാതിരാത്രി 12 മണിക്ക് വഴിയോരത്തെ തെരുവ് വിളക്കിന്റെ ചുവട്ടിലിരുത്തി നിന്നെക്കൊണ്ടൊക്കെ ഞാന്‍ ഒപ്പീസു പാടിക്കും"...എന്നാണ് പുതിയ പോസ്റ്ററിലെ ഡയലോഗ്. "തോല്‍പ്പിക്കും എന്ന് പറയുന്നിടത്ത് ജയിക്കാനാണ് എനിക്കിഷ്ടം എന്നും പഴയ റയ്ബാന്‍ ഗ്ലാസ്, അത് അങ്ങനെ തന്നെ ഇരുന്നോട്ടെ...ഇത് എന്റെ പുതു പുത്തന്‍ റെയ്ബാന്‍ ഇതില്‍ ആരുടേയും നിഴല്‍ വേണ്ട"...എന്ന് പോസ്റ്റര്‍ പങ്കുവച്ച് കൊണ്ടുള്ള ബിജുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. സെന്‍സേഷണല്‍ ഹീറോ ചിത്രത്തില്‍ ഇരുമ്പന്‍ ജോണി ആയി വേഷമിടുമെന്നും ബിജു പറയുന്നു. 

spadikam

ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് ഫെയ്സ്ബുക്കിലൂടെ പ്രഖ്യാപനം വന്നതിന് പിന്നാലെ ഇതിനെതിരേ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തിനും സംവിധായകനുമോതിരേ കടുത്ത വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു വന്നത്. ചിത്രത്തിന്റെ പേര് മാറ്റാനും ക്ലാസിക് എന്ന് അവകാശപ്പെടാന്‍ അര്‍ഹതയുള്ള ചിത്രത്തെ നശിപ്പിക്കാന്‍ തങ്ങള്‍ സമ്മതിക്കില്ലെന്നും ആരാധകര്‍ പറഞ്ഞിരുന്നു. സംവിധായകനെ  ചീത്തവിളിച്ചവരും നിരവധിയാണ്.

ആടുതോമ പറയുന്ന പ്രശസ്തമായ റെയ്ബാന്‍ ഡയലോഗിനോട് സാമ്യമുള്ള ഒരു സംഭാഷണമാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്ററിനൊപ്പം നല്‍കിയിരുന്നത്. 'ഇതന്റെ അപ്പന്‍ എനിക്ക് തന്ന റെയ്ബാന്‍ ഗ്ലാസ്... ഇനി ഒരിക്കല്‍ കൂടി നിന്റെ നിഴല്‍ എങ്കിലും ഇതില്‍ പതിഞ്ഞാല്‍ കഴുത്തു ഞാന്‍ വെട്ടും'...എന്നാണ് പോസ്റ്ററില്‍ നല്‍കിയിരുന്നത്. 

ഇതിനെതിരേ മാസ്സ് മറുപടിയുമായി സംവിധായകന്‍ ഭദ്രനും രംഗത്ത് വന്നിരുന്നു. 'സ്ഫടികം ഒന്നേയുള്ളു, അതു സംഭവിച്ചു കഴിഞ്ഞു. മോനേ...ഇത് എന്റെ റെയ്ബാന്‍ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാല്‍'- എന്നാണ് ഭദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

bhadran

Content Highlights : spadikam 2 irumban biju j kattackal spadikam second part mohanlal movie bhadran aadu thoma