വാഷിങ്ടണ്‍: സ്‌പേസ് എക്‌സിന്റെ 'ഇന്‍സ്പിരേഷന്‍-4' ദൗത്യസംഘം ഹോളിവുഡ് താരം ടോം ക്രൂസുമായി സംസാരിച്ചു. മണിക്കൂറില്‍ 28,162 കിലോമീറ്റര്‍ വേഗത്തില്‍ ഭൂമിയെ ചുറ്റുന്നതിനിടെയായിരുന്നു ആശയവിനിമയം. ബഹിരാകാശപേടകത്തിലെ ജീവിതത്തെക്കുറിച്ചുള്ള അനുഭവങ്ങള്‍ സംഘം ക്രൂസുമായി പങ്കുവെച്ചു.

ഇന്‍സ്പിരേഷന്‍-4 എന്നുപേരുനല്‍കിയിട്ടുള്ള ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശസംഘത്തിലെ അംഗങ്ങളായ ജാരെഡ് ഐസാക്മാന്‍, ഹാലി ആര്‍സെനോക്‌സ്, സിയാന്‍ പ്രോക്ടര്‍, ക്രിസ് സെബ്രോസ്‌കി എന്നിവരാണ് ക്രൂസുമായി സംസാരിച്ചത്.

കഴിഞ്ഞവര്‍ഷം ക്രൂസ് നായകനാകുന്ന സിനിമ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ ഭൂഗുരുത്വമില്ലാത്ത അവസ്ഥയില്‍ ചിത്രീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്‌പേസ് എക്‌സിന്റെ സഹായത്തോടെ നിര്‍മിക്കപ്പെടുന്ന ചിത്രത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ക്രൂസ് സംഘവുമായി ആശയവിനിമയം നടത്തിയത്.

വ്യാഴാഴ്ചയാണ് നാലുപേരും അടങ്ങുന്ന ക്രൂ ഡ്രാഗണ്‍ പേടകം ബഹിരാകാശയാത്ര ആരംഭിച്ചത്. സംഘത്തിലാര്‍ക്കും ദീര്‍ഘകാല ബഹിരാകാശപരിശീലനം ലഭിച്ചിട്ടില്ലെന്നതാണ് ഇന്‍സ്പിരേഷന്‍-4-ന്റെ പ്രത്യേകത.

മൂന്നുദിവസം ഭൂമിയെ വലംവെക്കുന്ന സംഘം ഞായറാഴ്ച ഫ്‌ളോറിഡ തീരത്തോടുചേര്‍ന്ന് കടലില്‍ ലാന്‍ഡ് ചെയ്യും.

Content Highlights: SpaceX tourists interact with actor Tom Cruise while orbiting the Earth