അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാര ചടങ്ങുകളിൽ നടൻ അജിത് പങ്കെടുക്കാത്തതിന്റെ പേരിൽ ഉയർന്ന വിമർശനങ്ങളോടു പ്രതികരിച്ച് എസ്പിബിയുടെ മകനും ഗായകനുമായ എസ് പി ചരൺ. 

എസ്പിബിയുടെ മരണത്തെ തുടർന്നുണ്ടായ അഭ്യൂഹങ്ങളെക്കുറിച്ച് മാധ്യമങ്ങളോടു സംസാരിക്കവേയായിരുന്നു ചരണിന്റെ പ്രതികരണം. അജിത് ചടങ്ങിൽ പങ്കെടുക്കാത്തതോ, വിളിക്കാത്തതോ അല്ല ഇവിടുത്തെ വിഷയമെന്നും തന്റെ  അച്ഛനെ തനിക്ക് നഷ്ടപ്പെട്ടു എന്നതാണെന്നും ചരൺ പ്രതികരിച്ചു. 

"ഈ ചോദ്യങ്ങൾക്ക് ഞാൻ എന്തിനു മറുപടി പറയണം. അജിത് എന്റെ നല്ല സുഹൃത്താണ്. അച്ഛനുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. അച്ഛന്റെ മരണത്തിൽ അജിതിന്  ദു:ഖമുണ്ടെങ്കിൽ അദ്ദേ​ഹം വീട്ടിലിരുന്ന് ദു:ഖിക്കുന്നുണ്ടാകും. അദ്ദേ​ഹം നേരിട്ട് വന്നോ ഇല്ലയോ എന്നത് എങ്ങനെയാണ് ഇവിടെ വിഷയമാകുന്നത്. എന്നോട് സംസാരിച്ചോ ഇല്ലയോ എന്നത് എങ്ങനെയാണ് വിഷയമാവുന്നത്. അച്ഛന്റെ സംസ്കാര ചടങ്ങിൽ അജിതിന്റെ അസാന്നിധ്യം ഒരു വിഷയമാക്കേണ്ട ആവശ്യമെന്താണ് നിങ്ങൾക്ക്. അതൊന്നും ഇവിടെ വിഷയമേ അല്ല. എനിക്ക് എന്റെ അച്ഛനെ നഷ്ടമായി. ലോകത്തിന് എസ്പിബിയെ നഷ്ടമായി. ആ ദു:ഖത്തിൽ നിന്ന് കരകയറാൻ ഞങ്ങൾക്ക് സമയം  ആവശ്യമാണ്. ദയവായി അതിന് അനുവദിക്കണം". ചരൺ‌ വ്യക്തമാക്കി.

 

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാര ചടങ്ങുകളിലെ അജിതിന്റെ അസാന്നിധ്യം തമിഴ് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ചരണിൻ‌റെ അടുത്ത സുഹൃത്തായിരുന്ന അജിതിനെ സിനിമയിലേക്ക് കൊണ്ടുവന്നത് എസ്.പി ബാലസുബ്രഹ്മണ്യം ആയിരുന്നു. അതേ സമയം എസ്പിബിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ നടൻ വിജയുടെ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

Content Highlights : SP Charan responds to controversy on Ajiths absence on SPB's funeral