തെലുങ്ക് നടിമാരുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം. ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം ധരിച്ച് താരങ്ങള്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്ന് എസ്.പി ബാലസുബ്രഹ്മണ്യം പറഞ്ഞു. നടിമാര്‍ക്കും സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും എതിരേ കടുത്ത വിമര്‍ശനമാണ് ഗായകന്‍ ഉന്നയിച്ചിരിക്കുന്നത്. 

'പൊതുപരിപാടികള്‍ക്കും മറ്റും പങ്കെടുക്കാനായി എത്തുമ്പോള്‍ ഇത്തരത്തില്‍ വസ്ത്രം ധരിച്ചാല്‍ സംവിധായകരും നിര്‍മാതാക്കളും സിനിമയിലെടുക്കുമെന്ന ധാരണ പലര്‍ക്കുമുണ്ട്. സിനിമയില്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാന്‍ താരങ്ങള്‍ നിര്‍ബന്ധിതരാകുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് പൊതുപരിപാടികളില്‍ പോലും ഇങ്ങനെ വസ്ത്രങ്ങള്‍ അണിഞ്ഞ് അവര്‍ എത്തുന്നത്. തെലുങ്ക് സംസ്‌കാരത്തെ പോലും മാനിക്കാത്തവരാണ് ഇത്തരക്കാര്‍. സിനിമയില്‍ നിന്ന് ലഭിക്കുന്ന ലാഭം മാത്രമാണ് അവരുടെ ലക്ഷ്യം.  എസ്പിബി കൂട്ടിച്ചേര്‍ത്തു. ഒരു പൊതുപരിപാടിക്കിടെയായിരുന്നു എസ്.പിബിയുടെ വിമര്‍ശനം. 

തന്റെ പരാമര്‍ശം ഏതെങ്കിലും നടിമാര്‍ ചോദ്യം ചെയ്യുമോ എന്ന കാര്യത്തില്‍ തനിക്ക് യാതൊരു വിധ ചിന്തയും ഇല്ലെന്നും കാരണം താന്‍ സംസാരിച്ചത് തെലുങ്കിലാണ് ഭൂരിഭാഗം നടിമാര്‍ക്കും തെലുങ്ക് അറിയില്ലെന്നും അതിനാല്‍ താന്‍ പറഞ്ഞത് അവര്‍ക്ക് മനസിലായിട്ടുണ്ടാകില്ലെന്നും എസ്.പി.ബി കൂട്ടിച്ചേര്‍ത്തു. എന്തായാലും അദ്ദേഹത്തിന്റെ വാക്കുകള്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തു വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരിക്കുകയാണ്.

Content Highlights : SP Balasubramanyam Against Telugu Actresses Dressing SPB Problem With Actresses Dressing up For events