തൃശ്ശൂര്‍: ''പ്രകൃതിസൗന്ദര്യംകൊണ്ട് മാത്രമല്ല മഹത്തായ സംസ്‌കാരംകൊണ്ടും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ദൈവത്തിന്റെ സ്വന്തം ഭാഷയായ മലയാളത്തില്‍ സംസാരിക്കാനെനിക്കറിയില്ല.

സംഗീതത്തിന് ഭാഷയില്ലാത്തതിനാല്‍ അത് എല്ലാവര്‍ക്കുമറിയുന്ന ഭാഷയില്‍ നല്‍കാം'' -തൃശ്ശൂരിലെ ചേതന അക്കാദമികളുടെ രജതജൂബിലി ആഘോഷ സമാപനച്ചടങ്ങില്‍ ചേതന ദേശീയ പുരസ്‌കാരം മന്ത്രി വി.എസ്. സുനില്‍കുമാറില്‍നിന്ന് സ്വീകരിച്ച് എസ്.പി. ബാലസുബ്രഹ്മണ്യം ഇംഗ്ലീഷില്‍ പ്രസംഗിച്ചുതുടങ്ങിയതോടെ തുടങ്ങി ആരാധകരുടെ കൈയടി. ഒരു ലക്ഷം രൂപയുടേതാണ് ചേതന ദേശീയ പുരസ്‌കാരം.

ശബ്ദസംവിധായകന്‍ റസൂല്‍ പൂക്കുട്ടിക്ക് ടി.എന്‍. പ്രതാപന്‍ എം.പി. പുരസ്‌കാരം സമ്മാനിച്ചു. 50000 രൂപയുടേതാണ് റസൂല്‍ പൂക്കുട്ടിക്ക് സമ്മാനിച്ച ഫാ.പോള്‍ ആലങ്ങാട്ടുകാരന്‍ ഓഡിയോ എക്‌സലന്‍സ് ദേശീയ പുരസ്‌കാരം.

മേയര്‍ അജിതാ വിജയന്‍, തൃശ്ശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സി.എം.െഎ. ദേവമാതാ പ്രൊവിന്‍ഷ്യല്‍ ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി, സംഗീത സംവിധായകരായ ജെറി അമല്‍ദേവ്, ഔസേപ്പച്ചന്‍, വിദ്യാധരന്‍, സിനിമാ താരങ്ങളായ ജയരാജ് വാര്യര്‍, സുനില്‍ സുഖദ, എഴുത്തുകാരായ എം.ഡി. രാജേന്ദ്രന്‍, സി.എല്‍. ജോസ്, ചേതന സാരഥികളായ ഫാ.പോള്‍ പൂവ്വത്തിങ്കല്‍, ഫാ. തോമസ് ചക്കാലമറ്റത്ത് തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.

യുവചേതന പുരസ്‌കാരദാനം, നൃത്തപരിപാടി, സംഗീതനിശ തുടങ്ങിയവയും നടന്നു.

Content Highlights: SP Balasubramaniam, Rasool pookutty at Thrissur, music concert, Chethana national award