
എസ്.പി ബാലസുബ്രഹ്മണ്യം | Photo: Mathrubhumi
ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരമായി തന്നെ തുടരുന്നു. എസ്.പി.ബിയുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന് എം.ജി.എം. ആശുപത്രി അധികൃതര്‍ ഉടന്‍ പുറത്തുവിടുമെന്നാണ് വിവരം. വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യം മോശമായത്. അദ്ദേഹം ചികിത്സയിൽ കഴിയുന്ന ചെന്നൈയിലെ എം.ജി.എം. ഹെൽത്ത് കെയർ വൃത്തങ്ങൾ മെഡിക്കൽ ബുള്ളറ്റിനിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സാധ്യമായ എല്ലാ വൈദ്യസഹായവും അദ്ദേഹത്തിന് നൽകുന്നുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വിവരം അറിഞ്ഞ് നടൻ കമൽ ഹാസൻ എസ് പി ബിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. “അദ്ദേഹം നന്നായിരിക്കുന്നു എന്ന് പറയാൻ കഴിയില്ല. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായി ഡോക്ടർമാർ ശ്രമിക്കുന്നു,” ആശുപത്രി വിട്ടിറിങ്ങിയ കമൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നേരിയ കോവിഡ് ലക്ഷണങ്ങളോടെ ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അന്ന് അദ്ദേഹംതന്നെ വീഡിയോ പുറത്തുവിട്ടിരുന്നു.
ഓഗസ്റ്റ് 13 ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും വെന്റിലേറ്റർ സഹായം നൽകുകയും ചെയ്തിരുന്നു. പ്ലാസ്മ തെറാപ്പിക്കും അദ്ദേഹം വിധേയനായിരുന്നു.
സെപ്റ്റംബർ എട്ടിന് അദ്ദേഹം കോവിഡ് രോഗമുക്തി നേടി. എന്നാൽ, ശ്വാസകോശത്തിന്റെ സ്ഥിതി മോശമായതിനാൽ വെന്റിലേറ്റർ നീക്കിയിട്ടില്ലെന്ന് മകൻ എസ്.പി. ചരൺ വ്യക്തമാക്കിയിരുന്നു. പിന്നീട് എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് സെപ്റ്റംബർ 19-ന് അദ്ദേഹത്തിന്റെ മകൻ അവകാശപ്പെട്ടിരുന്നു. അദ്ദേഹം വായിലൂടെ ഭക്ഷണം കഴിക്കാൻ തുടങ്ങിയെന്നും മകൻ അറിയിച്ചിരുന്നു. അദ്ദേഹം അതിവേഗം ആരോഗ്യം വീണ്ടെടുക്കുകയാണെന്നും എത്രയും വേഗം ആശുപത്രി വിടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എസ്.പി. ചരൺ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
Content Highlights : SP Balasubramanyam extremely critical Kamal Hassan visits Him in hospital
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..