സിനിമാ പാരമ്പര്യമില്ലാത്ത ഒരു സാധാരണ കുടുംബത്തില്‍ നിന്ന് വന്ന് തെന്നിന്ത്യയിലെ സൂപ്പര്‍താരമായി മാറിയ നടനാണ് അജിത്. പാലക്കാടു സ്വദേശി പി. സുബ്രഹ്മണ്യത്തിന്റെയും കൊല്‍ക്കത്ത സ്വദേശി മോഹിനിയുടെയും രണ്ടാമത്തെ മകനാണ് അദ്ദേഹം. ഹയര്‍സെക്കന്ററി വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാതെയാണ് അജിത് സിനിമയിലേക്ക് ഇറങ്ങി തിരിച്ചത്. 

പത്തൊന്‍പതാമത്തെ വയസ്സിലായിരുന്നു അജിതിന്റെ സിനിമാ അരങ്ങേറ്റം. സെമ്പക രാമന്‍ സംവിധാനം ചെയ്ത എന്‍ വീടു എന്‍ കാരണവര്‍ എന്ന ചിത്രത്തിലെ ഒരു ഗാനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ വേഷത്തിലാണ് അജിത് ആദ്യമായി ക്യാമറയ്ക്ക് മുന്‍പില്‍ എത്തിയത്. 1992 ല്‍ പുറത്തിറങ്ങിയ പ്രേമ പുസ്തകം എന്ന തെലുങ്കു ചിത്രത്തിലാണ് അജിത് ആദ്യമായി നായകവേഷത്തില്‍ എത്തിയത്. 

അജിതിനെ സിനിമയിലേക്ക് കൊണ്ടുവന്നത് ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യമാണ്. തെലുങ്കു സിനിമയിലെ ഒരു നിര്‍മാതാവിന് അജിതിനെ പരിചയപ്പെടുത്തി കൊടുത്തത് താനാണെന്ന് എസ്.പി.ബി ഒരു ടെലിവിഷന്‍ ഷോയില്‍ പറഞ്ഞു. 

എസ്.പി.ബിയുടെ മകന്‍ എസ്.പി ചരണിന്റെ സഹപാഠിയായിരുന്നു അജിത്. അജിതിനോട് തനിക്ക് പ്രത്യേക സ്‌നേഹവും താല്‍പര്യവുമുണ്ടെന്ന് എസ്.പി.ബി പറയുന്നു. മാസികകള്‍ക്കും ടെലിവിഷന്‍ ചാനലുകള്‍ക്കും അജിത് അഭിമുഖം നല്‍കാറില്ല. അദ്ദേഹത്തില്‍ ഞാന്‍ കാണുന്ന ഏറ്റവും നല്ല ഗുണങ്ങളില്‍ ഒന്നാണത്. കുടുംബവും സിനിമയും മാത്രമാണ് അജിതിന്റെ ലോകം- എസ്.പി.ബി പറയുന്നു.

spb

വിശ്വാസത്തിന്റെ വിജയിന് ശേഷം നേര്‍കൊണ്ട പാര്‍വ്വൈ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് അജിതിപ്പോള്‍. അമിതാഭ് ബച്ചന്‍ പ്രധാനവേഷത്തില്‍ എത്തിയ പിങ്കിന്റെ തമിഴ് പതിപ്പാണ് ഈ ചിത്രം. ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കിടാചലം എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തില്‍ ഒരു അഭിഭാഷകന്റെ വേഷത്തിലാണ് അജിത് എത്തുന്നത്. 

Content Highlights: sp balasubrahmanyam introduced ajith in film telugu tamil movie viswasam nerkonda parvai