എസ്.പി.ബിയും മകൻ എസ്.പി ചരണും | photo: instagram.com|spbcharan|
ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയുണ്ടെന്ന് വ്യക്തമാക്കി മകനും ഗായകനുമായ എസ് പി ചരൺ. ഫിസിയോതെറാപ്പി സജീവമായി നടക്കുന്നുണ്ടെന്നും ഇപ്പോൾ 15 മുതൽ 20 മിനിറ്റ് വരെ അദ്ദേഹത്തിന് എഴുന്നേറ്റിരിക്കാനാവുമെന്നും ചരൺ വ്യക്തമാക്കുന്നു. വായിലൂടെ ഭക്ഷണം നൽകി തുടങ്ങാൻ പോവുകയാണെന്നും അദ്ദേഹത്തിനായി പ്രാർഥിച്ച ഓരോരുത്തരോടും നന്ദിയുണ്ടെന്നും ചരൺ പറയുന്നു.
"അപ്പയുടെ ആരോഗ്യത്തിൽ പുരോഗതിയുണ്ട്. ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെട്ടുവെന്ന് മെഡിക്കൽ സംഘം അറിയിച്ചു. കൂടാതെ ഫിസിയോ തെറപ്പിയും സജീവമായി നടക്കുന്നുണ്ട്. വളരെ ആക്ടീവ് ആയാണ് അപ്പ അതിൽ പങ്കെടുക്കുന്നത്. അദ്ദേഹത്തെ എഴുന്നേൽപ്പിച്ച് ഇരുത്താൻ ഡോക്ടർമാർ ശ്രമിച്ചിരുന്നു. ഇപ്പോൾ പതിനഞ്ചു മിനിട്ടു മുതൽ ഇരുപത് മിനിട്ടു വരെ എഴുന്നേറ്റിരിക്കാൻ അപ്പയ്ക്കു സാധിക്കും. ഇനി മുതൽ വായിൽക്കൂടി നേരിട്ട് ഭക്ഷണം നൽകാൻ തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. എല്ലാം നല്ലതായി തന്നെ സംഭവിക്കുന്നുണ്ട്. പുരോഗതിയുണ്ട്. എല്ലാവരുടെയും പിന്തുണയ്ക്കും പ്രാർഥനയ്ക്കും നന്ദി. തുടർന്നും പ്രാർത്ഥിക്കണം".– വിഡിയോയിൽ എസ് പി ചരൺ പറഞ്ഞു.
കോവിഡ് ബാധിതനായി ആശുപത്രിയിൽ കഴിയവേയാണ് എസ്പിബിയുടെ ആരോഗ്യനില മോശമാവുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധിതനായ എസ്പിബിയെ ചെന്നൈ എംജിഎം ഹെൽത്ത് കെയർ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിക്കുന്നത്. ഓഗസ്റ്റ് പതിമൂന്നോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. സെപ്റ്റംബർ ഏഴിനാണ് അദ്ദേഹത്തിന് കോവിഡ് നെഗറ്റീവ് ആകുന്നത്
Content Highlights : SP Balasubrahmanyam Health updates Sp Charan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..