കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുള്ളതായി അദ്ദേഹത്തിന്റെ മകൻ എസ്പിബി ചരൺ. ഫെയ്സ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് എസ്പിബിയുടെ ആരോ​ഗ്യനില സംബന്ധിച്ച വിവരം മകൻ പങ്കുവച്ചത്.

ഇപ്പോഴും വെന്റിലേറ്റർ പിന്തുണയോടെയാണ് കഴിയുന്നതെന്നും എന്നാൽ കഴിഞ്ഞ ദിവസങ്ങളിലേതിനേക്കാൾ എളുപ്പത്തിൽ ശ്വാസമെടുക്കാൻ സാധിക്കുന്നതായും ചരൺ വ്യക്തമാക്കി.

"അച്ഛനെ മൂന്നാം നിലയിലെ ഐസിയുവിൽ നിന്ന് ആറാം നിലയിലെ ഒരു പ്രത്യേക ഐസിയു മുറിയിലേക്ക് മാറ്റി. സന്തോഷ വാർത്തയെന്തെന്നാൽ അദ്ദേഹം ഡോക്ടർമാരോട് തംപ്സ് അപ് ചിഹ്നം കാണിച്ചു. ഡോക്ടർമാരെയും ചുറ്റുമുള്ളവരെയും അദ്ദേഹത്തിന് തിരിച്ചറിയാനാകുന്നുണ്ട്. ഇപ്പോഴും വെന്റിലേറ്ററിലാണെങ്കിലും മുൻ ദിവസങ്ങളെ അപേക്ഷിച്ച് അദ്ദേഹത്തിന് സു​ഗമമായി ശ്വാസമെടുക്കാൻ സാധിക്കുന്നുണ്ട്. അത് നല്ല പുരോ​ഗതിയായാണ് ഡോക്ടർമാർ വിലയിരുത്തുന്നത്.

മെഡിക്കൽ ടീമിന്റെ ഭാ​ഗത്ത് നിന്ന് കഠിനമായ പരിശ്രമമുണ്ട്. പൂർണമായും ഭേദമാകാൻ സമയമെടുക്കും. പക്ഷേ ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. ഒന്നോ രണ്ടോ ​ദിവസം കൊണ്ട് അത് നടക്കില്ലെന്നറിയാം ആഴ്ച്ചകൾ എടുക്കുമായിരിക്കും..എങ്കിലും അദ്ദേഹം പൂർണ ആരോ​ഗ്യവാനായി ഞങ്ങൾക്കരികിലെത്തും,..".ചരൺ വ്യക്തമാക്കുന്നു.

തന്റെ അമ്മ സാവിത്രിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും ചരൺ വീഡിയോയിൽ പറയുന്നുണ്ട്. “എന്റെ അമ്മയുടെ അവസ്ഥ കൂടുതൽ മെച്ചപ്പെടുന്നു. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ അമ്മയെ ഡിസ്ചാർജ് ചെയ്യും. അച്ഛനും കഴിയുന്നതും വേഗം വീട്ടിലേക്ക് മടങ്ങാനാവുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ചരൺ പറയുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധിച്ചതിനെത്തുടർന്ന് എസ്പിബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Content Highlights :Sp Balasubrahmaniam Covid Health Updates Son Sp Charan Posted A video on SPBs Health