കാമുകിയെ വഞ്ചിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് കൊറിയന്‍ താരം കിം സിയോണ്‍ ഹോവിനെതിരേ കടുത്ത നടപടി സ്വീകരിച്ച് സിനിമാലോകം. കരാര്‍ ചെയ്തിരുന്ന ഏതാനും സിനിമകളില്‍ നിന്നും ഷോകളില്‍ നിന്നും നടനെ ഒഴിവാക്കിയാണ് നടപടി.

തെക്കന്‍ കൊറിയന്‍ ചിത്രങ്ങളിലെ മിന്നും താരമാണ് കിം സിയോണ്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹത്തിന്റെ കാമുകി ആരോപണങ്ങളുമായി രംഗത്ത് വന്നത്. കിം സിയോണ്‍ തന്നെ വഞ്ചിച്ചുവെന്നും ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് നടനെതിരേ വലിയ കാമ്പയിനുകളാണ് സമൂഹമാധ്യമങ്ങളില്‍ പൊട്ടിപ്പുറപ്പെട്ടത്. ഇതിന്റെ പരിണിത ഫലമായാണ് സിനിമകളില്‍ നിന്ന് ഒഴിവാക്കിയത്.

കിം സിയോണ്‍ തന്നോട് മാപ്പ് പറഞ്ഞതായി കാമുകി സ്ഥിരീകരിച്ചു. വിവാദങ്ങളില്‍ ദുഖമുണ്ടെന്ന് ഇവര്‍ പറയുന്നു.

കിം സിയോണ്‍ എന്നോട് മാപ്പ് പറഞ്ഞു. ഞങ്ങള്‍ക്കിടയില്‍ ധാരാളം തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ പരസ്പരം ഒരുപാട് സ്‌നേഹിച്ചിരുന്നു. അതുകൊണ്ടു തന്നെ വിവാദങ്ങളുടെ പേരില്‍ അദ്ദേഹത്തിന്റെ കരിയര്‍ തകരുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല- ഇവര്‍ വ്യക്തമാക്കി.

സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കിം സിയോണിന്റെ കാമുകിയുടെ പേര് മാധ്യമങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ ചിലര്‍ യുവതിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ആരാധകരില്‍ ചിലര്‍ ഇവര്‍ക്കെതിരേ വധഭീഷണി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതിനെതിരേ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് യുവതി. 

Content Highlights: South Korean star Kim Seon removed from movies, ex-girlfriend reacts to actors apology