മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ​ഗാം​ഗുലിയുടെ ജീവചരിത്ര സിനിമ ഒരുങ്ങുന്നു. ചിത്രം ഹിന്ദിയിലാകും ഒരുങ്ങുകയെന്നും സംവിധായകൻ ആരാണെന്നുള്ളത് ഇപ്പോൾ പറയാനാകില്ലെന്നും സിനിമ ചെയ്യാൻ താൻ സമ്മതം അറിയിച്ചതായി വ്യക്തമാക്കിക്കൊണ്ട് സൗരവ് പറഞ്ഞു.

ബി​ഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ മുതൽമുടക്ക് 200-250 കോടിയാകുമെന്നും ഹിന്ദിയിലെ പ്രമുഖ ബാനറാകും ചിത്രം നിർമിക്കുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. ചിത്രത്തിലെ നായകൻ ആരാകുമെന്ന കാര്യത്തിൽ സ്ഥിരീകരണമില്ലെങ്കിലും നടന്‍ രൺബീർ കപൂറിനെയാണ് സൗരവ് നായകസ്ഥാനത്ത് ആ​ഗ്രഹിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ക്രിക്കറ്റ് താരത്തിൽ നിന്ന് തുടങ്ങി ബിസിസിഐ പ്രസിഡന്റ് സ്ഥാനം വരെയുള്ള സൗരവിന്റെ യാത്രയാകും ചിത്രം പറയുക.

കായിക താരങ്ങളുടെ ജീവിതം അടിസ്ഥാനമാക്കി നിരവധി ബയോപിക്കുകളാണ് അടുത്ത കാലത്തായി ബോളിവുഡിൽ നിന്ന് വെള്ളിത്തിരയിലെത്തിയത്‌. സച്ചിൻ, ധോണി, സൈന നെഹ്വാൾ, കപിൽ ദേവ്, മുഹമ്മദ് അസറുദ്ധീൻ തുടങ്ങിയവരുടെ ജീവചരിത്ര സിനിമകളാണ് ഇതിൽ ചിലത്.


content highlights : Sourav Ganguly confirms biopic keen to cast Ranbir Kapoor as the lead