സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ ഓരോ ദിവസവും പുതിയ ട്രെന്‍ഡുകള്‍ വരുന്ന കാലമാണിത്. കാലത്തിനനുസരിച്ച് സിനിമാ പ്രമോഷനും മാറിക്കൊണ്ടിരിക്കുന്നു. അതിന് അടിവരയിട്ടുകൊണ്ട് വ്യത്യസ്തമായൊരു പ്രൊമോഷന്‍ പരിപാടി സംഘടിപ്പിക്കാനൊരുങ്ങുകയാണ് തമിഴ് ചിത്രം സൂരറൈ പോട്ര്. സൂര്യ നായകനാകുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ ആകാശത്ത് വെച്ചാണ് നടക്കുക!.

സ്‌പൈസ് ജെറ്റുമായി സഹകരിച്ചുകൊണ്ട് ചിത്രത്തിന്റെ പ്രൊമോഷൻ വിമാനത്തിൽ വെച്ച് നടക്കും. ചിത്രത്തിന്റെ പോസ്റ്റര്‍ ഫെബ്രുവരി 13 ന് ബോയിങ് 737-ല്‍ പതിപ്പിച്ച് വിമാനം പറത്തിക്കൊണ്ട് പ്രദര്‍ശിപ്പിക്കും. അതോടൊപ്പം ചിത്രത്തിലെ ആദ്യ ഗാനമായ വെയ്യോണ്‍ സില്ലിയുടെ ഓഡിയോ ലോഞ്ച് സ്‌പൈസ് ജെറ്റ് 737-ല്‍ വെച്ച് നടക്കും.

2016-ല്‍ രജനീകാന്ത് ചിത്രം കബാലിയും ഇത്തരത്തില്‍ വിമാനത്തെ പ്രൊമോഷനുവേണ്ടി ഉപയോഗിച്ചിരുന്നു. സുധ കൊങ്കാര സംവിധാനം ചെയ്യുന്ന സൂരറൈ പോട്രില്‍ അപര്‍ണ ബാലമുരളിയാണ് നായിക. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. സൂര്യ ഒരു പാട്ട് പാടുന്നുമുണ്ട്.

Content Highlights: Soorarai Pottru poster launch in spicejet plane