സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം 'സൂരറൈ പോട്ര്' ഓസ്‌കറില്‍ മത്സരിക്കുന്ന വിവരം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച ഒര്‍ജിനല്‍ സ്‌കോര്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് ചിത്രം മത്സരിക്കുന്നത്. 93-ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിന് മത്സരിക്കാന്‍ ചിത്രം യോഗ്യത നേടിയിരിക്കുകയാണിപ്പോള്‍.

പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുത്ത 366 ചിത്രങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് ചിത്രം. ജനറല്‍ ക്യാറ്റഗറിയിലാണ് ചിത്രം മത്സരിക്കുന്നത്. ചിത്രത്തിന്റെ സഹനിര്‍മാതാവായ രാജശേഖര്‍ പാണ്ഡ്യനാണ് ഈ വിവരം പുറത്ത് വിട്ടത്. 

കോവിഡ് പ്രതിസന്ധി ഉള്ളതിനാല്‍ മത്സര ചിത്രങ്ങള്‍ക്കുള്ള നിയമങ്ങളില്‍ അക്കാദമി പലവിധ മാറ്റങ്ങളും വരുത്തിയിരുന്നു. സാധാരണ ജൂറി അംഗങ്ങള്‍ക്കായി ലോസ് ഏഞ്ജലീസില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ ഷോ സംഘടിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ എല്ലാം വിര്‍ച്വല്‍ ആണ്. ഓണ്‍ലൈനായാണ്‌ ജൂറി അംഗങ്ങള്‍ സിനിമ കണ്ടത്. അടുത്ത ഘട്ടത്തില്‍ ഈ മാസം 28 മുതല്‍ യു.എസിലെ ആറ് പ്രധാന നഗരങ്ങളിലെ ഏതെങ്കിലും തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കണം. മാര്‍ച്ച് 5 മുതല്‍ 10 വരെ നടക്കുന്ന വോട്ടിംഗിനു ശേഷം 15-ന് ഈ വര്‍ഷത്തെ നോമിനേഷനുകള്‍ പ്രഖ്യാപിക്കും.

ആമസോണ്‍ പ്രൈമിലൂടെയാണ് 'സൂരറൈ പോട്ര്' റിലീസിനെത്തിയത്. മികച്ച പ്രതികരണമാണ്‌ ചിത്രം നേടിയത്. എയര്‍ ഡെക്കാന്‍ വിമാന കമ്പനി സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു 'സൂരറൈ പോട്ര്'.

ചുരുങ്ങിയ ചെലവില്‍ സാധാരണക്കാര്‍ക്കു കൂടി യാത്രചെയ്യാന്‍ കഴിയുന്ന വിമാന സര്‍വീസ് ഒരുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. അപര്‍ണ ബാലമുരളി, ഉര്‍വ്വശി, പരേഷ് റാവല്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlights: Suriya's Soorarai Pottru joins oscar race in General Category