സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം 'സൂരറൈ പോട്ര്' ഓസ്‌കറില്‍ മത്സരിക്കും. മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച ഒര്‍ജിനല്‍ സ്‌കോര്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് ചിത്രം മത്സരിക്കുക. ചിത്രത്തെ ഓസ്‌കര്‍ നോമിനേഷനിലേയ്ക്കു പരിഗണിക്കുന്നതാണ് ആദ്യ പടി.

കോവിഡ് പ്രതിസന്ധികള്‍ ഉള്ളതിനാല്‍ മത്സര ചിത്രങ്ങള്‍ക്കുള്ള നിയമങ്ങളില്‍ അക്കാദമി പലവിധ മാറ്റങ്ങളും വരുത്തിയിരുന്നു. സാധാരണ ജൂറി അംഗങ്ങള്‍ക്കായി ലോസ് ഏഞ്ജലീസില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ ഷോ സംഘടിപ്പിക്കുകയാണ് പതിവ്.

എന്നാല്‍ ഇത്തവണ എല്ലാം വിര്‍ച്വല്‍ ആണ്. ഓണ്‍ലൈനായി ജൂറി അംഗങ്ങള്‍ സിനിമ കാണും. ജനറല്‍ ക്യാറ്റഗറിയിലായിരിക്കും ചിത്രം മത്സരിക്കുന്നത്. ചിത്രത്തിന്റെ സഹനിര്‍മാതാവായ രാജശേഖര്‍ പാണ്ഡ്യനാണ് ഈ വിവരം പുറത്ത് വിട്ടത്. 

ആമസോണ്‍ പ്രൈമിലൂടെയാണ് 'സൂരറൈ പോട്ര്' റിലീസിനെത്തിയത്. മികച്ച പ്രതികരണങ്ങളാണ് ചിത്രം നേടിയത്. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു 'സൂരറൈ പോട്ര്'.

ചുരുങ്ങിയ ചെലവില്‍ സാധാരണക്കാര്‍ക്കു കൂടി യാത്രചെയ്യാന്‍ കഴിയുന്ന വിമാന സര്‍വീസ് ഒരുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. അപര്‍ണ ബാലമുരളി, ഉര്‍വ്വശി, പരേഷ് റാവല്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlights: Soorarai Pottru enters the Oscars race, Suriya, Sudha Kongara Movie, General category