രാജ്യത്ത് ഓക്സിജൻ ക്ഷാമം തുടരുന്ന സാഹചര്യത്തിൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി ബോളിവുഡ് നടൻ സോനു സൂദ്. താരത്തിന്റെ നേതൃത്വത്തിലുള്ള ഫൗണ്ടേഷൻ ആണ് ഇതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുന്നത്.

രാജ്യത്തിന്റെ വിവിധയിടങ്ങളിലായി പ്ലാന്റ് സ്ഥാപിക്കുക എന്ന ഉദ്ദേശ്യമാണ് ഫൗണ്ടേഷനുള്ളത്. തുടക്കത്തിൽ 18 ഓളം പ്ലാന്റുകളാണ് സ്ഥാപിക്കുക.

ക്രിപ്റ്റോ റിലീഫിന്റെ സഹായത്തോടെയാണ് ഇത്. ആന്ധ്ര പ്രദേശിലെ കുർനൂൽ, നെല്ലൂർ എന്നീ പ്രദേശങ്ങളിലാണ് താരം ആദ്യ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള കാര്യങ്ങൾ ചെയ്യുക. ജൂൺ അവസാനത്തോടെ ഇതിന് തുടക്കമാകും. ഏതാണ്ട് സെപ്റ്റംബറോടെ പ്ലാന്റ് പ്രവർത്തന സജ്ജമാകുമെന്നാണ് കരുതുന്നത്.

അതിന് ശേഷം മങ്കലാപുരത്തും കർണ്ണാടകയിലും പ്ലാന്റുകൾ സ്ഥാപിക്കാനുള്ള ഒരുക്കങ്ങൾ നടത്തി. തമിഴ്നാട്, കർണ്ണാടക, പഞ്ചാബ്, ഉത്തരാഖണ്ഡ്, തെലങ്കാന, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് എന്നിങ്ങനെ നിരവധി സംസ്ഥാനങ്ങളിൽ പ്ലാന്റുകൾ സ്ഥാപിക്കും. നിലവിൽ 750 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഫൗണ്ടേഷൻ നൽകി കഴിഞ്ഞു.

’ കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്ത് ഓക്സിജന്റെ ക്ഷാമമാണ് കണ്ട് വരുന്നത്. ഈ ഓക്സിജൻ പ്രശ്നം പൂർണമായും തീർക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചു. പാവപ്പെട്ട ജനങ്ങളെ ചികിത്സിക്കുന്ന ആശുപത്രികളിലാണ് ഓക്സജിൻ പ്ലാന്റുകൾ സ്ഥാപിക്കാൻ പോകുന്നത്. ഇനിയൊരു ഓക്സിജൻ ക്ഷാമം നേരിടേണ്ട അവസ്ഥ വരരുത്. എന്തിന് മൂന്നാം തരം​ഗത്തിനും മറ്റുമായി കാത്തിരിക്കണം.. സോനു സൂദ് പറയുന്നു

കോവിഡ് മഹാമാരി തുടങ്ങിയ നാൾ മുതൽ മുന്നണി പ്രവർത്തനങ്ങളിൽ സജീവമാണ് സോനു.

content highglights : Sonu Sood to set up oxygen plants in various states across India