സെല്‍വരാഘവന്‍ സംവിധാനം ചെയ്ത കാതല്‍ കൊണ്ടേന്‍ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടിയാണ് സോണിയ അഗര്‍വാള്‍. സെല്‍വരാഘവന്റെ സഹോദരന്‍ കൂടിയായ ധനുഷ് ആണ് ചിത്രത്തില്‍ നായകനായി എത്തിയത്. 2003 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. പിന്നീട് സെല്‍വരാഘവന്റെ തന്നെ പുതുപേട്ടൈ, റെയിന്‍ ബോ കോളനി എന്നീ സിനിമകളില്‍ വേഷമിട്ട സോണിയ അദ്ദേഹവുമായി പ്രണയത്തിലാവുകയും വിവാഹിതയാവുകയും ചെയ്തു. എന്നാല്‍ ഈ ബന്ധം നാല് വര്‍ഷങ്ങള്‍ മാത്രമേ നീണ്ടു നിന്നുള്ളൂ. 2010 ഇരുവരും വേര്‍പിരിഞ്ഞു. 

വിവാഹ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ സംഭവിച്ചുവെങ്കിലും സെല്‍വരാഘവനെ താന്‍ ജീവിതത്തില്‍ അടയാളപ്പെടുത്തുന്നത് ഒരു നല്ല അധ്യാപകന്‍ എന്ന നിലയിലാണെന്ന് പറയുകയാണ് സോണിയ. ഒരു തമിഴ്മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സോണിയ മനസ്സു തുറന്നത്.

തമിഴ്‌സിനിമയിലേക്ക് വരുമ്പോള്‍ എനിക്ക് ഭാഷ അറിയില്ലായിരുന്നു. അഭിനയിക്കാനും അറിയില്ലായിരുന്നു. സെല്‍വരാഘവനാണ് എന്നെ അഭിനയിക്കാന്‍ പഠിപ്പിച്ചത്. ഒന്നില്‍ കൂടുതല്‍ ടേക്ക് എടുക്കേണ്ടി വന്നാല്‍ നന്നായി ചീത്തവിളിക്കുമായിരുന്നു.  കാര്‍ക്കശ്യക്കാരനായ ഒരു അധ്യാപകനായിരുന്നു അദ്ദേഹം. സിനിമ ചെയ്യുന്ന സമയത്ത് സെല്‍വരാഘവന്‍ അധികം സംസാരിക്കാറില്ലായിരുന്നു- സോണിയ പറഞ്ഞു.

Content Highlights: sonia agarwal talks about Selvaraghavan movies kathal kondein puthupettai