സ്വവര്‍ഗാനുരാഗ വിഷയത്തില്‍ ആദ്ധ്യാത്മികാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ക്കെതിരെ സ്വരമുയര്‍ത്തി ബോളിവുഡ് താരങ്ങള്‍. നടിമാരായ സോനം കപൂര്‍, ആലിയ ഭട്ട് എന്നിവരാണ് രവിശങ്കറിനെ വിമര്‍ശിച്ച് രംഗത്തുവന്നത്.

സ്വവര്‍ഗാനുരാഗം ഒരു പ്രവണതയാണെന്നും അത് മാറി അവര്‍ സ്വാഭാവിക മനുഷ്യരാവുമെന്നുമുള്ള രവിശങ്കറിന്റെ അഭിപ്രായത്തിനെതിരെയാണ് ട്വിറ്ററിലൂടെയുള്ള ഇവരുടെ കടുത്ത പ്രതിഷേധം.

സ്വവര്‍ഗാനുരാഗം ഒരു പ്രവണതയല്ല. അത് ജന്മനാ ഉണ്ടാവുന്നതാണ്. അതുകൊണ്ട് തന്നെ സ്വാഭാവികവുമാണ്. ഇത് മാറ്റാനാവുമെന്ന് പറയുന്നത് ഉത്തരവാദിത്വമില്ലായ്മയാണ്. ഈ ആള്‍ദൈവങ്ങള്‍ക്കൊക്കെ എന്തു പറ്റി. നിങ്ങള്‍ക്ക് ഹിന്ദുത്വത്തെക്കുറിച്ച് എന്തെങ്കിലും പഠിക്കണമെന്നുണ്ടെങ്കില്‍ ഹിന്ദോള്‍സെന്‍ ഗുപ്തയില്‍ നിന്നോ ദേവദത്ത് പട്​നായിക്കില്‍ നിന്നോ പഠിക്കുക. ഇതായിരുന്നു സോനം കപൂറിന്റെ ട്വീറ്റ്. വന്‍ പിന്തുണ ലഭിച്ച ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് ആലിയ ഭട്ട് തന്റെ നിലപാട് വ്യക്തമാക്കിയത്.

തിങ്കളാഴ്ച ജെ.എന്‍.യുവില്‍ പതിമൂന്നാമത്ത് നെഹ്റു സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു ശ്രീ ശ്രീ രവിശങ്കര്‍. സ്വവര്‍ഗാനുരാഗം കാരണം വീട്ടുകാരും സുഹൃത്തുക്കളും തന്നോട് മോശമായി പെരുമാറുന്നുവെന്നും ഇതിനെന്തെങ്കിലും പോംവഴിയുണ്ടോ എന്നുമുള്ള  വിദ്യാര്‍ഥിയുടെ ചോദ്യത്തിന് ഉത്തരം നല്‍കുമ്പോഴായിരുന്നു രവിശങ്കറിന്റ വിവാദ മറുപടി.

മറ്റുള്ളവര്‍ നിങ്ങളെക്കുറിച്ച് എന്ത് കരുതുന്നു എന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുക. നിങ്ങള്‍ നിങ്ങളെ തന്നെ നന്നായി പരിഗണിക്കുക, മറ്റുള്ളവര്‍ എങ്ങനെ പരിഗണിക്കുന്നു എന്ന കാര്യം ആലോചിക്കാതിരിക്കുക. നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെന്ന് കരുതാതിരിക്കുക. നിങ്ങള്‍ വ്യക്തിത്വം കാട്ടിയാല്‍ ആരും അപമാനിക്കില്ല. നിങ്ങള്‍ സ്വയം വിലകുറച്ച് കാണുകയാണെങ്കില്‍ മറ്റുള്ളവര്‍ക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയില്ല. സ്വവര്‍ഗാനുരാഗം ഒരു പ്രവണതയാണ്. അത് സ്ഥിരമായ ഒരു കാര്യമല്ല. താത്കാലികമായ ഒരു പ്രവണതയാണെന്ന് തിരിച്ചറിഞ്ഞ് ഇതിനെ ഇപ്പോള്‍ അംഗീകരിക്കുക. അത് മാറിയേക്കാം. സ്വവര്‍ഗാനുരാഗികളായ ഒരുപാട് പുരുഷന്മാര്‍ പിന്നീട് സാധാരണ മനുഷ്യരായി മാറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സാധാരണക്കാരായവര്‍, നേരായ വ്യക്തികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ സ്വവര്‍ഗാനുരാഗികളായി മാറുന്നതും കണ്ടിട്ടുണ്ട്. നിങ്ങളുടെ ശരീരത്തിന്റെ വ്യക്തിത്വത്തിനപ്പുറത്തെ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്യേണ്ടത്. ഇതായിരുന്നു രവിശങ്കറിന്റെ പ്രസംഗം.

ഇതിനെതിരെ സോനം കപൂറും ആലിയ ഭട്ടും മാത്രമല്ല, ട്വിറ്ററില്‍ നിരവധി പേര്‍ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. രവി ശങ്കര്‍ പതുക്കെ തന്റെ തനി സ്വഭാവം കാട്ടുകയാണെന്നും സ്വവര്‍ഗാനുരാഗം പോലെ ജാതിയും ഗുരുക്കളും താത്കാലികമാണെന്നും രവിശങ്കറിനുവേണമെങ്കില്‍ രാംദേവിന്റെ അടുക്കല്‍ നിന്ന് ചികിത്സ തേടാമെന്നുമൊക്കെയാണ് ട്വിറ്ററിലെ വിമര്‍ശനങ്ങളും പരിഹാസങ്ങളും.

Conetnt Highlights: Sonam Kapoor, Sri Sri Ravi Shankar's remark on homosexuality