ദുല്‍ഖര്‍ സല്‍മാനും സോനം കപൂറും പ്രധാനവേഷങ്ങളിലെത്തുന്ന സോയ ഫാക്ടര്‍ പ്രദര്‍ശനത്തിനെത്തുകയാണ്. സിനിമയുടെ പ്രചരണ പരിപാടിയുടെ തിരക്കിലാണ് ഇരുവരും. ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് സോനം കപൂര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ദുല്‍ഖര്‍ സിനിമയില്‍ വരുന്നതിന് മുന്‍പ് തന്നെ തനിക്ക് പരിചയമുണ്ടെന്നും സോനം പറഞ്ഞു.

എല്ലാവരും കരുതിയിരിക്കുന്നത് സോയ ഫാക്ടറിലൂടെയാണ് ഞങ്ങള്‍ പരിചയപ്പെട്ടത് എന്നാണ്. എന്നാല്‍ അങ്ങനെയല്ല. ഇമ്രാന്‍ ഖാനൊപ്പം ഞാന്‍ ഒരിക്കല്‍ സിംഗപ്പൂരില്‍ ഒരു പരിപാടിക്ക് പോയപ്പോള്‍ ദുല്‍ഖറിനെ കണ്ടിരുന്നു. അന്ന് അദ്ദേഹം സിനിമയില്‍ വന്നിട്ടില്ല. ഞങ്ങള്‍ക്ക് ഒരുപാട് പൊതു സുഹൃത്തുക്കളുണ്ട്. ദുല്‍ഖറിന്റെ അടുത്ത സുഹൃത്ത് നകുല്‍ എന്റെ ബാല്യകാല സുഹൃത്താണ്. ഞാന്‍ നകുലിനൊപ്പം ദുല്‍ഖറിനെ കണ്ടിട്ടുണ്ട്. അന്ന് സിംഗപ്പൂരില്‍ വച്ച് ആ കാര്യം പറഞ്ഞാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. 

രണ്ട് വര്‍ഷത്തോളമായി ഞാന്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കാനുള്ള ശ്രമം തുടങ്ങിയിട്ട്. എന്നാല്‍ അദ്ദേഹം ഒരുപാട് സിനിമകള്‍ നിരസിച്ചു- സോനം പറഞ്ഞു.

നിരസിച്ചതല്ല, എനിക്ക് ഡേറ്റ് പ്രശ്‌നമുണ്ടായിരുന്നു. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. അതുകൊണ്ടാണ് വൈകിയത്. സോയ ഫാക്ടറില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യപ്റ്റന്‍ നിഖില്‍ ഘോഡ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. സിനിമയില്‍ ക്യാപ്റ്റന്റെ വേഷമാണെങ്കിലും ജീവിതത്തില്‍ താന്‍ വലിയ കളിക്കാരനൊന്നുമല്ലെന്ന് ദുല്‍ഖര്‍ പറയുന്നു. 

ഞാന്‍ വലിയ ക്രിക്കറ്റ് കളിക്കാരനൊന്നുമല്ല. ചെന്നൈയിലും കൊച്ചിയിലുമായിരുന്നു എന്റെ ബാല്യകാലം. കുട്ടിക്കാലത്ത് മറ്റുള്ള കുട്ടികളുമായി കൂട്ടുകൂടുന്നത് ക്രിക്കറ്റ് കളിച്ചുകൊണ്ടായിരുന്നു. കേരളത്തില്‍ ഫുട്‌ബോള്‍ ആരാധകര്‍ വളരെ കൂടുതലാണ്. എന്നിരുന്നാലും ഞങ്ങള്‍ക്ക് ഒരിക്കലും ക്രിക്കറ്റിനെ മാറ്റി നിര്‍ത്താനാകില്ല. എന്റെ ഭാര്യ അമാല്‍  വലിയ ക്രിക്കറ്റ് ആരാധികയാണ്. എന്നേക്കാള്‍ നന്നായി ക്രിക്കറ്റ് കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന വ്യക്തിയാണ്- ദുല്‍ഖര്‍ പറഞ്ഞു. 

Content Highlights: Sonam Kapoor Dulquer Salmaan Zoya Factor Interview