അർബുദവുമായി പോരാട്ടം നടത്തി ജീവിതത്തെ തിരിച്ചു പിടിച്ച പോരാളിയാണ് ബോളിവുഡ് നടി സൊനാലി ബിന്ദ്രെ. താൻ ക്യാൻസറിന്റെ പിടിയിലാണെന്ന സൊനാലിയുടെ വെളിപ്പെടുത്തൽ ആരാധകർ ഞെട്ടലോടെയാണ് കേട്ടത്. തുടർന്ന് ചികിത്സക്കായി സൊനാലി യുഎസിലേക്ക് പോയി. മാസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ തന്നെ പിടികൂടിയ ക്യാൻസറിനെ തോൽപ്പിച്ച് വീണ്ടും സിനിമയിലേക്ക് തിരികെയെത്തുകയും ചെയ്തു സൊനാലി

തന്റെ അർബുദ അതിജീവനത്തെ കുറിച്ച് മനസ്സു തുറക്കുകയാണ് താരമിപ്പോൾ. ചികിത്സാ സമയത്തെ ചിത്രവും ഏറ്റവും പുതിയ ചിത്രവും ചേർത്തുവച്ചാണ് സൊനാലി സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

“സമയം എങ്ങനെയാണ് കടന്നു പോവുന്നത്… ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, ഞാൻ എന്നിലെ ശക്തി കാണുന്നു, ബലഹീനത കാണുന്നു. പക്ഷേ ഏറ്റവും പ്രധാനമായി തുടർന്നുള്ള എന്റെ ജീവിതം എങ്ങനെയാവണമെന്ന് നിർവചിക്കാൻ അർബുദം എന്ന വാക്കിനെ അനുവദിക്കാത്ത ഇച്ഛാശക്തി കാണുന്നു. നിങ്ങളുടെ ജീവിതം നിങ്ങൾ തിരഞ്ഞെടുക്കേണ്ടതാണ്. യാത്രയും നിങ്ങൾ തീരുമാനിക്കുന്നതാണ്.” സൊനാലിയുടെ കുറിപ്പിൽ പറയുന്നു.

2019 ജൂലൈയിലാണ് തനിക്ക് ക്യാൻസറാണെന്ന വിവരം താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. തുടർന്ന് ചികിത്സയ്ക്കായി താരം ന്യൂയോർക്കിലേക്ക് പോയി. അവിടെ വച്ച് തന്റെ രോഗാവസ്ഥയെക്കുറിച്ചും ചികിത്സയുടെ പുരോഗതികളെക്കുറിച്ചും താരം നിരന്തരം ആരാധകരുമായി പങ്കുവച്ചിരുന്നു.

Content Highlights : sonali Bindre about cancer survival Says Didnot Let The C Word Define My Life