ക്യാന്‍സര്‍ ബാധിച്ചു കഴിഞ്ഞാല്‍ അത് മറ്റുള്ളവരോട് തുറന്ന് പറയുകയാണ് രോഗിയെ സംബന്ധിച്ചുള്ള പ്രധാന വെല്ലുവിളി. ഉറ്റവരും ഉടയവരും ദുഃഖിക്കുമെന്ന കാരണത്താല്‍ മരണം വരെ പുറത്ത് പറയാതെ ജീവിച്ചവരുടെ കഥകളും നാം കേട്ടിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്ന് ഏറെ വ്യത്യസ്തയാണ് നടി സൊണാലി ബെന്ദ്രെ. തനിക്ക് സ്തനാര്‍ബുദമാണെന്നും ചികിത്സയിലാണെന്നും ലോകത്തോട് തുറന്ന് പറയാന്‍ സൊണാലി മടിച്ചില്ല. അതവര്‍ക്കൊരു വെല്ലുവിളിയും ആയിരുന്നില്ല. എന്നാല്‍ പതിനൊന്നുകാരനായ തന്റെ മകനോട് എല്ലാം തുറന്ന് പറയുന്നത് താരത്തെ സംബന്ധിച്ച് വലിയൊരു കടമ്പയായിരുന്നു. ഇതെക്കുറിച്ച് ആരാധകരുമായി പങ്കുവയ്ക്കുകയാണ് സൊണാലി.

'പന്ത്രണ്ട്‌ വര്‍ഷങ്ങളായി എന്റെ ഹൃദയത്തിന്റെ ഉടമയാണവന്‍. എന്റെ സന്തോഷത്തിന്റെയും ആരോഗ്യത്തിന്റെയും രഹസ്യം. രോഗത്തെക്കുറിച്ച് അവനോട് പറഞ്ഞാല്‍ എന്തു സംഭവിക്കും എന്നാലോചിച്ച് ഞങ്ങള്‍ ഒരുപാട് വിഷമിച്ചു. ഞങ്ങള്‍ക്ക് അവനോട് എത്ര കരുതലുണ്ടോ അത്രത്തോളം തന്നെ പ്രധാനമായിരുന്നു അവന്‍ സത്യം അറിയുക എന്നത്. കാരണം അവനോട് എല്ലായ്‌പ്പോഴും സത്യസന്ധത പുലര്‍ത്തിയ മാതാപിതാക്കളാണ് ഞങ്ങള്‍. എല്ലാം തുറന്ന് സംസാരിക്കും. ഈ കാര്യത്തിലും മാറ്റമുണ്ടാകില്ലെന്നത് ഉറച്ച തീരുമാനമായിരുന്നു. എല്ലാം തുറന്ന് പറഞ്ഞപ്പോള്‍ അവന്‍ പക്വതയോടെ പെരുമാറി. അതെനിക്ക് ഒരുപാട് ശക്തിയും പോസിറ്റീവ് ഊര്‍ജ്ജവുമാണ് നല്‍കിയത്.  എന്റെ അഭിപ്രായത്തില്‍ കൂട്ടികളെ ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തരുത്. അവര്‍ എല്ലാം പതിയെ അറിഞ്ഞോട്ടെ എന്നു കരുതി മാറ്റി നിര്‍ത്തരുത്. കുഞ്ഞുങ്ങളെ വേദനയില്‍ നിന്നും ദുഃഖങ്ങളില്‍നിന്നു മാറ്റി നിര്‍ത്തണമെന്ന് കരുതി നമ്മള്‍ മറച്ചു വയ്ക്കുന്ന പലതും ഭാവിയില്‍ നേരെ വിപരീത ഫലം ചെയ്യും. എന്റെ രണ്‍വീറിനൊപ്പം  ഞാന്‍ ഇപ്പോള്‍ സമയം ചെലവഴിക്കുന്നു. അതെനിക്ക് ഒരുപാട് ശക്തി തരുന്നു'- സൊണാലി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് സൊണാലി തനിക്ക് അര്‍ബുദമാണെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. അര്‍ബുദം ശരീരത്തില്‍ വ്യാപിച്ചതിന് ശേഷമാണ് താന്‍ അറിഞ്ഞതെന്നും പോരാട്ടത്തില്‍ എല്ലാവരുടെയും പിന്തുണ വേണമെന്നും സൊണാലി ആരാധകരോട് പറഞ്ഞു. ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ് സൊണാലി. അര്‍ബുദത്തെ യുദ്ധം ചെയ്ത് കീഴടക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് താനെന്നും സൊണാലി കൂട്ടിച്ചേര്‍ത്തു.